കണ്ണൂർ : ഒന്നര പതിറ്റാണ്ടു മുൻപ് ആവിഷ്കരിച്ച കൈത്തറി ഗ്രാമം ഇപ്പോൾ അഴീക്കോട് നിവാസികൾ പോലും മറന്ന മട്ടാണ്. തറികളുടെ നാടായ കണ്ണൂരിലെ കൈത്തറി തൊഴിലാളികളുടെ സ്വപ്നമായ പദ്ധതിയാണ് ഇപ്പോഴും എങ്ങുമെത്താത്ത അവസ്ഥയിലുള്ളത്.2006 ൽ വി.. എസ് സർക്കാരാണ് അഴീക്കോട് കൈത്തറി ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഇതേ തുടർന്ന് ഒരു ടൂറിസം കൺസൾട്ടൻസി കമ്പനി വന്നു പഠനം നടത്തുകയും ചെയ്തിരുന്നു. ബാലരാമപുരത്തു പദ്ധതി നടപ്പിലാക്കാൻ സർക്കാർ മുന്നോട്ട് വന്നപ്പോഴാണ് കൈത്തറിയുടെ നാടായ കണ്ണൂരിലെ അഴീക്കോട് തെരു കേന്ദ്രീകരിച്ചു അഴീക്കോട് കൈത്തറി ഗ്രാമം പദ്ധതി എന്ന പേരിൽ പദ്ധതി നടപ്പിലാക്കാണമെന്ന ആശയം മുന്നോട്ട് വച്ചത്.
കണ്ണൂരിൽ മാത്രം നെയ്ത് കുലത്തൊഴിലാക്കിയ എഴുപതോളം പത്മശാലിയ തെരുവുകളുണ്ട്. ഇവിടങ്ങളിലെല്ലാം നെയ്തു സജീവമായ ഒരു കാലം ഉണ്ടായിരുന്നു. ഇത്തരം തെരുവുകളെ പഴയ കാലഘട്ടത്തിന്റെ പശ്ചാത്തലം നിലനിർത്തി കൊണ്ടു നവീകരിച്ചു ടൂറിസവുമായി ബന്ധപ്പെടുത്തുന്നതായിരുന്നു കൈത്തറി ഗ്രാമം പദ്ധതി എന്ന ആശയം. ഇതിനായി മ്യൂസിയം നിർമ്മാണവും നെയ്ത്തു തെരുവുകളുടെ നവീകരണവുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
കൈത്തറി ഗ്രാമം
വീടുകളിലെ നെയ്ത്തു ശാലകൾ ഏകീകൃത മാതൃകയിൽ സജ്ജീകരിക്കുക, നടപ്പാതകൾ മുഴുവൻ ടൈൽസ് പാകി വെടിപ്പാക്കുക , മുഴുവൻ സ്ഥലവും ചുറ്റുമതിൽ കെട്ടി നവീകരിക്കുക, വിവിധയിടങ്ങളിൽ എൻട്രി പോയിന്റുകൾ സ്ഥാപിക്കുക, വർണാഭമായ ലൈറ്റുകൾ സ്ഥാപിക്കുക, പഴയ കുളം നവീകരിക്കുക എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
അഴീക്കോട് നെയ്ത്തു സഹകരണ സൊസൈറ്റിയുടെ സ്ഥലവും കെട്ടിടവും റവന്യു റിക്കവറിനടപടിക്ക് മുന്നിലായ സാഹചര്യത്തിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലം പദ്ധതിക്കായി അന്വേഷിക്കുകയായിരുന്നു.. ന്യായമായ വിലയിൽ ചോറപ്പൻ തറവാടിന്റെ ഭാഗമായ സ്ഥലം ലഭിക്കാനുള്ള സാദ്ധ്യതയും ഉയർന്നുവന്നതാണ്.തുടർന്ന് അന്ന് ധനകാര്യ മന്ത്രിയായ ഡോ. തോമസ് ഐസക് കണ്ണൂരിൽ വന്നപ്പോൾ സ്ഥലം സന്ദർശിച്ച് ഇത് മൈൽ സ്റ്റോൺ പദ്ധതിയായി തുടങ്ങാമെന്ന് ഉറപ്പ് നൽകി. പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ നാലരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. മ്യൂസിയത്തിനായി സ്ഥലം ഏറ്റെടുക്കാനും നിർമ്മാണത്തിനുമായി ഇതിൽ 80 ലക്ഷം രൂപയും വകയിരുത്തി. 2016 ൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കവാടത്തിന്റെ ഉദ്ഘാടനവും നടത്തി..
കൈത്തറി ഗ്രാമം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ടൂറിസം ഡയരക്ടർ പി.. ബാലകിരൺ എന്നിവർക്ക് നിവേദനം നൽകി.
സി. ജയചന്ദ്രൻ,ചെയർമാൻ,ദിശ, കണ്ണൂർ