ചേർത്തല: എം.ബി.എ പഠനം കഴിഞ്ഞ് ജോലി പ്രതിക്ഷിച്ചിരുന്ന ശ്രീകാന്തിനെ കൊവിഡ് വ്യാപനവും മറ്റു പ്രതിസന്ധികളുമൊന്നും നിരാശനാക്കിയില്ല. കരവിരുത് കരുത്താക്കി രൂപപ്പെടുത്തിയ ശില്പങ്ങൾ കണ്ടാൽ ആരും വിസ്മയിക്കും. തേക്കിൻ തടിയിൽ തീർത്ത അനന്തശയനേശ്വരനും ഗണപതിയും ഉൾപ്പെടെയുള്ള സൃഷ്ടികൾ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ വൈറലായി കഴിഞ്ഞു.
മുഹമ്മ 9-ാം വാർഡ് പടിശേരിൽ വിശ്വംഭരന്റെയും പ്രസന്നയുടെയും മകനായ ശ്രീകാന്ത് പി.വിശ്വമാണ് നാട്ടിലെ താരമായത്. തിരുവനന്തപുരം തൈക്കാടുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽസിൽ (കിറ്റ്സ്) നിന്നാണ് ശ്രീകാന്ത് എം.ബി.എ പൂർത്തിയാക്കിയത്.ജനുവരിയിൽ ഫലം വന്ന് ജോലിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് കൊവിഡ് വിലങ്ങുതടിയായത്. മാർച്ചിൽ മാസത്തോടെ സമ്പൂർണ ലോക്ഡൗണും ആയി. ജോലി അന്വേഷിച്ച മേഖല പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ശഇില്പനിർമ്മാണത്തിലേക്കു തിരിഞ്ഞത്. ആദ്യമായി തടിയിൽ നിർമ്മിച്ചത് ഗണപതിയെയാണ്.പിന്നീട് ആനയും രൂപപ്പെട്ടു.
പഠനകാലയളവിൽ മനസിൽ സൂക്ഷിച്ച ആഗ്രഹ സാഫല് യമാണ് ശ്രീപത്മനാഭന്റെ അനന്തശയനേശ്വര രൂപം നിർമ്മിക്കാൻ പ്രേരണയായതെന്ന് ശ്രീകാന്ത് പറഞ്ഞു.15 ഇഞ്ച് നീളത്തിലും 10 ഇഞ്ച് ഉയരത്തിലുമായി തേക്കിൻ തടിയിലാണ് ശ്രീപത്മനാഭനെ നിർമ്മിച്ചത്. മൂന്നു ഭാഗങ്ങളായി നിർമ്മിച്ച് പിന്നീട് കൂട്ടിച്ചേർത്ത് പൂർണ രൂപമാക്കുകയായിരുന്നു.തിരുവനന്തപുരത്തെ പഠന കാലയളവിൽ പത്മനാഭ സ്വാമി ക്ഷേത്രം ഒരു നഗരത്തിന്റെ കഥ എന്ന ഗ്രൂപ്പിൽ ശ്രീകാന്ത് അംഗമായിരുന്നു.കൊവിഡ് കാലത്ത് രൂപപ്പെടുത്തിയ ശ്രീപത്മനാഭന്റെ രൂപം ഈ ഗ്രൂപ്പിൽ പങ്കുവെച്ചതോടെ അഭിന്ദനങ്ങളും അന്വേഷണങ്ങളും ശ്രീകാന്തിനെ തേടിയെത്തി.സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇത് ആവശ്യപ്പെട്ട് നൂറുകണക്കിന് പേർ വന്നുകൊണ്ടിരിക്കുന്നു.എം.ബി.എ പഠനത്തിടെ തെർമോകോളിൽ ഗീതാേപദേശവും തീർത്തിരുന്നു.പിതാവ് വിശ്വംഭരൻ മുഹമ്മയിൽ ഫർണിച്ചർ വർക് ഷോപ്പ് നടത്തുന്നു. സഹോദരൻ രാഹുൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ശ്രീകാന്തിന്റെ ഫോൺ: 9496658636.