കോഴിക്കോട്:മെഡിക്കൽ കോളേജിൽ ഇൻസിനറേറ്റർ ട്രയൽ റൺ ആരംഭിച്ചു. രണ്ട് ദിവസത്തിനകം ആശുപത്രിയ്ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. സിറിഞ്ചുകൾ, പ്ലാസ്റ്റിക്കുകൾ, കൊവിഡ് രോഗികൾ ഉപയോഗിച്ച മാസ്കുകൾ ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് സംസ്കരിക്കാനായി ഇൻസിനറേറ്റർ നിർമ്മാണം കഴിഞ്ഞ മാസം ആരംഭിച്ചത്. എന്നാൽ കൊവിഡ് ഭീതി ഇൻസിനറേറ്റർ നിർമ്മാണത്തേയും ബാധിച്ചതോടെ നിർമ്മാണം നീളുകയായിരുന്നു.
ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിനടുത്ത് മലിനജല സംസ്കരണ പ്ലാന്റിന് സമീപം 45 ലക്ഷം രൂപ ചെലവഴിച്ചാണ് മണിക്കൂറിൽ 150 കിലോ ഖര മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചത്. ഇതിനായി 12 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലുമുള്ള ഷെഡ് നിർമ്മിച്ചിട്ടുണ്ട്. മേൽക്കൂര പണിയാനായി കെ.എസ്.ഇ.ബി ലൈനുകൾ മാറ്റി ഇൻസിനറേറ്റർ മെഷീനും സ്ഥാപിച്ചു.
മലിനീകരണം കുറയ്ക്കുന്നതിന് ഇരട്ട ചേമ്പറുള്ള ഇൻസിനറേറ്ററാണ് നിർമ്മിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശുചിത്വം പാലിക്കേണ്ട മെഡിക്കൽ കോളേജിൽ മാലിന്യം കുന്നു കൂടുന്നത് രോഗികളിൽ ആശങ്ക ഉയർത്തിയിരുന്നു. 2000ത്തിൽ സ്ഥാപിച്ച ആദ്യത്തെ ഇൻസിനറേറ്ററിന്റെ പുകക്കുഴൽ 2013ൽ ദ്രവിച്ച് ഉപയോഗ ശൂന്യമായതോടെ മെഡിക്കൽ കോളേജിൽ ഇൻസിനറേറ്റർ പ്രവർത്തിക്കാറില്ലായിരുന്നു. ഇതോടെ മാലിന്യ സംസ്കരണത്തിന് പല വഴികൾ നോക്കിയെങ്കിലും പരിഹാരമായില്ല. ഒടുവിൽ പുകക്കുഴൽ തകർന്ന ഇൻസിനറേറ്ററിൽ കത്തിക്കൽ തുടർന്നു. ഐ.എം.സി.എച്ചിലെയും ഇൻസിനറേറ്റർ കേടായിട്ട് രണ്ട് വർഷമായി. ഇതിലും കത്തിക്കൽ തുടരുകയാണ്. ബയോ മെഡിക്കൽ മാലിന്യങ്ങൾ ഐ.എം.എയുടെ പാലക്കാട്ടെ ഇമേജിലേക്ക് കൊണ്ടുപോകുന്നത് തുടരുന്നുണ്ട്.