കോഴിക്കോട്:ഡൽഹി സർവകലാശാല പ്രവേശന പരീക്ഷയ്ക്ക് കോഴിക്കോട് കേന്ദ്രം അനുവദിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കോഴിക്കോട് കേന്ദ്രം അനുവദിക്കണമെന്ന ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശത്തോട് നിഷേധാത്മക നിലപാടാണ് ഡൽഹി സർവകലാശാലയും പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സ്വീകരിച്ചിരിക്കുന്നത്.
പ്രവേശന പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 101 പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും ആയിരത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കോഴിക്കോട് കേന്ദ്രം ഇല്ല. സംസ്ഥാനത്ത് കൂടുതൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട സ്ഥലത്ത് പൊതുഗതാഗത സൗകര്യമില്ലാതെ പരീക്ഷ എഴുതുന്നതിലെ പ്രയോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി എം.എസ്. എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷറഫലിയും വൈസ് പ്രസിഡന്റ് അഹമ്മദ് സാജുവും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹർജി പരിഗണിച്ച ഹൈക്കോടതി വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തി ഡൽഹി സർവകലാശാലയ്ക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.എന്നാൽ ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ പരീക്ഷ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്നും അവസാന സമയത്തെ സെന്റർ മാറ്റം പരീക്ഷാ നടത്തിപ്പ് അവതാളത്തിലാക്കുമെന്നായിരുന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചത്.തുടർന്നാണ് കഴിയുമെങ്കിൽ സെന്റർ മാറ്റിക്കൊടുക്കണമെന്ന നിർദ്ദേശം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്..സെപ്തംബർ ഏഴിനാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
അതെസമയം ഐ.ഐ.എം ഇൻഡോറിന്റെ പ്രവേശന പരീക്ഷയും ഇതേ ദിവസമാണ്. കോഴിക്കോടാണ് പരീക്ഷാ കേന്ദ്രം.രണ്ട് പ്രവേശന പരീക്ഷയ്ക്കും അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് ഒരു പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകും.ഇക്കാര്യത്തിൽ ഡൽഹി ഹൈക്കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടില്ല.