പൊന്നാനി: ജില്ലയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ പൊന്നാനി ഹാർബറിലെ ടോൾപിരിവുമായി ബന്ധപ്പെട്ട് 32 ലക്ഷം രൂപയ്ക്ക് ടെൻഡറായി. പൊന്നാനി ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഓഫീസിൽ വെള്ളിയാഴ്ച നടന്ന ടെൻഡർ നടപടികളിലാണ് ടോൾപിരിവുകാരെ നിശ്ചയിച്ചത്. രണ്ടു ഘട്ടങ്ങളിലായി ഇ-ടെൻഡറും ലേലനടപടികളും നടന്നു. അഞ്ചുപേർ ലേലത്തിലും ഒരാൾ ടെൻഡറിലും പങ്കെടുത്തു.
സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച് കഴിയുന്ന മുറയ്ക്ക് ടോൾ ആരംഭിക്കും. ഒരു വർഷമാണ് ടോൾ കാലാവധി. ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെൻഡർ നടക്കും. ബോട്ടുകൾക്ക് 60, ചെറുവള്ളങ്ങൾക്ക് 50, വാഹനങ്ങൾക്ക് 15 മുതൽ 85 രൂപ എന്നിങ്ങനെയാണ് തുക നിശ്ചയിച്ചിട്ടുളളത്. ടോൾ വരുമാനത്തിൽ നിന്നുള്ള നിശ്ചിത തുക ഹാർബറിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. നൂറു കണക്കിന് ബോട്ടുകൾ ദിനംപ്രതിയെത്തുന്ന ഹാർബറിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ടോൾ ഏർപ്പെടുത്തുന്നത് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടൽ.ലേലപ്പുരയുടെ ആധുനികവത്കരണവും ഈ വിഹിതം ഉപയോഗിച്ച് നടപ്പാക്കും. ഇതിനായി ഹാർബർ എൻജിനീയറിംഗ് വിഭാഗം പ്ലാൻ തയ്യാറാക്കുന്നുണ്ട്. പുതിയ വാർഫ് കൂടി വരുന്നതോടെ ഹാർബറിൽ കൂടുതൽ സൗകര്യങ്ങളൊരുക്കേണ്ടി വരും. ടോൾ ആരംഭിക്കുന്നതോടെ ഗേറ്റിൽ സ്ഥിരം കാവൽക്കാരന്റെ സേവനം ലഭ്യമാകും.