കൊടുങ്ങല്ലൂർ: മികച്ച അദ്ധ്യാപകനുള്ള ഈ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് മതിലകം സെന്റ്ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അദ്ധ്യാപകൻ മുജീബ് മാസ്റ്റർക്ക്. അദ്ധ്യാപകൻ എന്ന നിലയിലും പ്രധാന അദ്ധ്യാപകൻ എന്ന നിലയിലും വിദ്യാലയത്തിനും വിദ്യാർത്ഥികൾക്കും സമൂഹത്തിനും നൽകിയ മികച്ച സേവനത്തിനാണ് അവാർഡ്. കഴിഞ്ഞ മൂന്ന് വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുകയും ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇരുത്തി വിജയിപ്പിച്ച വിദ്യാലയം എന്ന ബഹുമതി നേടുകയും ചെയ്തു.
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 52 ഫുൾ എ പ്ലസോടെ തിളക്കമാർന്ന വിജയമാണ് കരസ്ഥമാക്കിയത്. അക്കാഡമിക് പ്രാധാന്യമുള്ള എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയം കുറച്ചു വർഷങ്ങളായി ഏറെ മുൻപന്തിയിലാണ്. സ്കൂൾ കലോത്സവത്തിലും ശാസ്ത്രോത്സവത്തിലെ വിവിധ മേഖലകളിലും തുടർച്ചയായി ജില്ലയിൽ ഒന്നാം സ്ഥാനവും കായിക മേളയിൽ തുടർച്ചയായി സംസ്ഥാന മേളകളിൽ പ്രാതിനിധ്യവും നിലനിറുത്തി വരികയാണ്. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ മുജീബ് മാസ്റ്ററുടെ നേതൃപാടവവും അർപ്പണബോധവും നിർണ്ണായകമായിരുന്നു. വേറിട്ട പ്രവർത്തനങ്ങൾക്ക് അംഗീകാരമായി മികച്ച പി.ടി.എയ്ക്കുള്ള ജില്ല പി.ടി.എ അവാർഡും കഴിഞ്ഞ വർഷം ഈ വിദ്യാലയത്തെ തേടിയെത്തി. ഇരിങ്ങാലക്കുട ജില്ല ഹെസ് മാസ്റ്റേഴ്സ് ഫോറം ട്രഷറർ കൂടിയായ മുജീബ് മാസ്റ്റർ ഒട്ടേറെ സന്നദ്ധ സംഘടനകളിലും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു.1975 ൽ മതിലകം സെന്റ് ജോസഫ്സിൽ സർവീസ് ആരംഭിച്ച മുജീബ് മാസ്റ്റർ 2017 ഏപ്രിൽ മാസത്തിലാണ് പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റത്. കൂളിമുട്ടം കാതിക്കോട് വല്ലത്തുപടി കുഞ്ഞുമുഹമ്മദ് ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്ദു മോൾ ശാന്തിപുരം എം.എ.ആർ.എം ഗവ.എച്ച്.എസ്.എസിലെ അദ്ധ്യാപികയാണ്. മക്കൾ: സജ്ന മുജീബ്, സഫ്വ മുജീബ്.