തൃശൂർ: ഓണാവധിക്ക് ശേഷം സർക്കാർ ഓഫീസുകൾ തുറന്നതോടെ എല്ലായിടത്തും പൂരത്തിരക്ക്. ട്രഷറി ഉൾപ്പെടെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ സ്ഥാപനങ്ങളില്ലെല്ലാം കഴിഞ്ഞ ദിവസം മുതൽ വൻതിരക്ക് അനുഭവപ്പെടുന്നുണ്ട്. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, സപ്ലൈ ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക്.
മാസാരംഭത്തോടെ പെൻഷൻ വാങ്ങുന്നതിനും മറ്റും ട്രഷറികളിലാണ് തിരക്ക് കുടുതൽ. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർ രേഖകൾ ഹാജരാക്കുന്നതിന്റെ തിരക്ക് പഞ്ചായത്ത്, നഗരസഭാ, അക്ഷയ ഓഫീസുകളിലുണ്ട്. പ്രദേശവാസികളായ അപേക്ഷരുടെ രേഖകൾ രാഷ്ട്രീയ കക്ഷികളിൽ പെട്ടവർ വാങ്ങി ഏൽപ്പിക്കുന്നതിനാൽ തിരക്ക് കുറയ്ക്കാനാകുന്നുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഭൂരിഭാഗം ഓഫീസുകളിലും അമ്പത് ശതമാനം ജീവനക്കാർ മാത്രമാണ് എത്തുന്നത്. ഇതുമൂലം പലർക്കും ഒറ്റത്തവണ കൊണ്ട് കാര്യങ്ങൾ നടത്തിപ്പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. എല്ലാ ഓഫീസുകൾക്ക് മുന്നിലും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണം അടങ്ങുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇതൊന്നും ഗൗനിക്കാതെയാണ് ഓഫീസുകൾക്ക് മുന്നിൽ എത്തുന്നത്.
ജില്ലയിൽ നാൾക്കുനാൾ കൊവിഡ് വ്യാപിക്കുമ്പോഴും പ്രതിരോധ നടപടികൾ പാലിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
അപേക്ഷകൾ എല്ലാം ബോക്സിൽ
സർക്കാർ ഓഫീസുകളിൽ ഒരിടത്തും അപേക്ഷകൾ നേരിട്ട് വാങ്ങുന്നില്ല. പുതിയ റേഷൻ കാർഡിനും മറ്റും ഓൺലൈനിലൂടെയാണ് അപേക്ഷകൾ നൽകുന്നത്. ഇതിന് സാദ്ധ്യമാകാത്തവ നേരിട്ട് അതത് ഓഫീസുകളിൽ സ്ഥാപിച്ചിട്ടുള്ള ബോക്സുകളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
രസീത് ഇല്ല
ഓൺലൈനിലൂടെയല്ലാതെ നൽകുന്ന അപേക്ഷകൾക്ക് കൈപ്പറ്റ് രസീതി ലഭിക്കാത്തതിനാൽ ആളുകൾക്ക് ഇതിനായി വീണ്ടും വരേണ്ട അവസ്ഥയാണ്.
പരമാവധി ശ്രദ്ധിച്ച് ജീവനക്കാർ
മാനദണ്ഡങ്ങൾ പരമാവധി പാലിച്ചാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. എല്ലാ ഓഫീസുകൾക്ക് മുന്നിലും കയറുകൾ കെട്ടി പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അവശ്യങ്ങൾക്ക് വരുന്നവരുമായി സമൂഹിക അകലം പാലിച്ചാണ് ജീവനക്കാർ ഇടപെടുന്നത്.
രോഗം കുറവ്
ജില്ലയിൽ ആരോഗ്യ പ്രവർത്തകർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്നവർ എന്നിവരിൽ രോഗം ഏറെ പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സർക്കാർ ജീവനക്കാരിൽ രോഗം സ്ഥിരീകരിക്കുന്നത് വളരെ കുറവാണെന്നത് ആശ്വാസം പകരുന്നുണ്ട്. എതാനും ആഴ്ചകൾക്ക് മുമ്പ് വടക്കാഞ്ചേരിയിലും തൃശൂരിലും താഹസിൽദാർമാർക്കും അതുമായി ബന്ധപ്പെട്ട് മറ്റുള്ളവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചെങ്കിലും താരതമ്യേന കുറവാണെന്നാണ് വിലയിരുത്തൽ.