അതിജീവന വഴിയിൽ യുവാക്കൾ
കൊല്ലം: ചെറുകിട സംരംഭങ്ങൾ തുറന്ന് ജീവിത ദുരിതങ്ങളെ മറികടക്കാൻ ശ്രമിക്കുകയാണ് മഹാമാരി കാലത്ത് തൊഴിൽ നഷ്ടമായ ആയിരങ്ങൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ എണ്ണമറ്റ ചെറുകിട സംരംഭങ്ങളാണ് ജില്ലയിലെമ്പാടും തുറന്നത്. ജോലി നഷ്ടമായി മടങ്ങിയെത്തിയ പ്രവാസികൾ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് തൊഴിൽ നഷ്ടമായവർ, നിരത്തിലിറക്കാൻ കഴിയാത്ത മിനി ബസ് ഉടമകളും തൊഴിലാളികളും തുടങ്ങി വൈവിദ്ധ്യ മേഖലകളിൽ ജീവിതം കണ്ടെത്തിയിരുന്നവർ ഇക്കൂട്ടത്തിലുണ്ട്.
ബേക്കറികൾ, നാടൻ കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ, ചക്കിലാട്ടിയ വെളിച്ചെണ്ണ, നാളികേര വിൽപ്പന, മത്സ്യ വിൽപ്പന തുടങ്ങി സാദ്ധ്യമായ ഏത് വഴിയും തിരഞ്ഞെടുത്ത് ജീവിക്കാനുള്ള ശ്രമത്തിലാണ് ഇവർ. വലിയ മുതൽമുടക്കില്ലാതെ വീടിന് മുന്നിലും വീടിനോട് ചേർന്ന് നിർമ്മിച്ച താത്കാലിക ഷെഡിലും വഴിയോരങ്ങളിലുമൊക്കെ പുതിയ ജീവിത പരീക്ഷണത്തിന് ഇവർ തുടക്കമിടുകയാണ്. എല്ലാ നാട്ടിടകളിലും ഇത്തരമൊരു പുതിയ സംരംഭകൻ ഉണ്ടെന്നതാണ് പ്രത്യേകത.
തരിശ് ഭൂമികൾ തളിരിട്ടു
നാട്ടിടകളിലെ കൃഷി ഭൂമികൾ മിക്കതും തരിശ് രഹിതമായി. വാഴയും ചീനിയും ചേമ്പും ചേനയും പയറും പച്ചക്കറിയും മാത്രമല്ല കരയിലും വയലിലും നെല്ല് വിളയിക്കാനും യുവാക്കളുടെ സംഘമിറങ്ങി. കൃഷി ചെയ്യാൻ വയലേലകളിലേക്ക് യുവതികളുടെ സംഘങ്ങളുമെത്തി. നാടൻ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറിയതോടെ തരക്കേടില്ലാത്ത വിലയും ലഭിച്ച് തുടങ്ങി. വീടുകൾക്ക് മുന്നിൽ ചെറിയ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങിയ യുവ കർഷകരും ധാരാളം. ഉന്നത വിദ്യാഭ്യാസം നേടിയ യുവതീ യുവാക്കളാണ് അഭിമാനത്തോടെ സാദ്ധ്യമായ വഴികളിലൂടെ വരുമാനം കണ്ടെത്തുന്നത്.
.....................................
വിളിപ്പുറത്ത് വീട്ടിലെത്തും പച്ചമീൻ
1. മത്സ്യക്കച്ചവടത്തിന് പ്രൊഫഷണൽ രീതി അവലംബിക്കുന്നവരുടെ എണ്ണമേറി
2. സ്ഥിരം ഉപഭോക്താക്കൾക്ക് മത്സ്യത്തിന്റെ ഫോട്ടോ വാട്സ് ആപ്പിലെത്തും
3. കണ്ട് ഇഷ്ടപ്പെട്ടാൽ ആവശ്യപ്പെടുന്ന അത്രയും മത്സ്യം വീട്ടിലെത്തിക്കും
4. വെട്ടി വൃത്തിയാക്കണമെങ്കിൽ അൽപ്പം വില കൂടും
5. അച്ചാറുകൾ, പലഹാരങ്ങൾ, നാളികേരം, കാർഷിക ഉത്പന്നങ്ങൾ ഓൺലൈനിൽ
.....................................
അതിജീവന വഴികൾ
1. ജീവിക്കാൻ ഉതകുന്ന വരുമാനം ചെറുകിട സംരഭങ്ങളിലൂടെ ലഭിക്കുന്നുണ്ട്
2. കൃഷിക്കാർക്ക് സഹായവും സബ്സിഡിയും ന്യായവിലയും ഉറപ്പാക്കി സർക്കാർ സംവിധാനങ്ങൾ
3. നാട്ടിടകളിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ജനങ്ങളും തയ്യാറാകുന്നു
4. ആവശ്യപ്പെടുന്ന വസ്തുക്കൾ വീട്ടിലെത്തിച്ച് നൽകുന്നതിനോട് ഉപഭോക്താക്കൾക്ക് താൽപ്പര്യം
5. സാധനങ്ങളുടെയും പട്ടിക വാട്സ് ആപ്പിൽ അയച്ചാൽ വീട്ടിലെത്തിക്കുന്ന സ്ഥാപനങ്ങളും സജീവം
''
വരുമാനം ലഭിച്ചിരുന്ന തൊഴിൽ നിലച്ചപ്പോൾ പുതിയ സാദ്ധ്യതകൾ തേടി. പച്ചക്കറി, മീൻ തുടങ്ങി എന്ത് വിറ്റാലും പണം കിട്ടും. ഏത് തൊഴിൽ ചെയ്യുന്നതിലും അഭിമാനമുണ്ട്.
സജീർ, ശാസ്താംകോട്ട