തിരുവനന്തപുരം : ഓണക്കാലം കഴിഞ്ഞതോടെ കൊവിഡ് വ്യാപനം അതിരൂക്ഷമായെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുമ്പോഴും പരിശോധനയിൽ കാര്യമായ വർദ്ധനവില്ല. കഴിഞ്ഞ ആഴ്ചയിൽ രോഗികളുടെ എണ്ണം കുറഞ്ഞത് കൊവിഡ് വ്യാപനം കുറഞ്ഞതുകൊണ്ടല്ല, മറിച്ച് പരിശോധനകൾ കുറഞ്ഞതുകൊണ്ടാണ്. പരിശോധന വ്യാപകമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഈ മാസം പ്രതിദിന പരിശോധന 50,000 എത്തിക്കുകയാണ് ലക്ഷ്യം. ഓണക്കാലത്ത് സാമൂഹ്യസമ്പർക്കം ഉയർന്ന സാഹചര്യത്തിൽ ജലദോഷ പനിയുള്ളവരെ ഉൾപ്പടെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും. അടുത്തമാസം രോഗികളുടെ എണ്ണം ഉയർന്നുനിൽക്കും.
നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന നിരക്കിലാണ്. 100പേരുടെ പരിശോധന അടിസ്ഥാനമാക്കിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി കണക്കാക്കുന്നത്. നിലവിൽ 6- 7 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി. ജൂണിൽ ഇത് രണ്ടിൽ താഴെയായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റിയിൽ വർദ്ധനയുണ്ടായ സാഹചര്യത്തിൽ 65,000 പരിശോധനകൾ പ്രതിദിനം നടത്തണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. രാജ്യത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 8-9.
പരിശോധന
ഏറ്റവും കൂടുതൽ ആഗസ്റ്റിൽ. ആനുപാതികമായി രോഗികൾ പെരുകി. ആഗസ്റ്റ് എട്ടുമുതൽ 14 വരെ 1,84,319 പരിശോധന നടത്തി. 9577 പേർക്ക് രോഗം. 15മുതൽ 21വരെ 2,26,772 പരിശോധന.രോഗികൾ 12,905. 22മുതൽ 28വരെ 2,54,995 പരിശോധന. 15,122 രോഗികൾ. 29ന് പരിശോധന 34,988ആയി കുറഞ്ഞു. 30ന് 27,908, 31ന് 18,027 ഈ മാസം ഒന്നിന് 14,137 എന്നിങ്ങനെ തുടർച്ചയായി താഴ്ന്നു. ഇന്നലെ പരിശോധന 36,310 ആയി ഉയർന്നു.
'ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് അഞ്ചിനു താഴെ ഈ ഘട്ടത്തിൽ നിർത്തണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അത് കൂടുതലാണ്. കേസുകൾ വ്യാപിക്കുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത്.'
മുഖ്യമന്ത്രി പിണറായി വിജയൻ