കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മെരിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളോട് സ്വാശ്രയ മെഡിക്കൽ കോളേജിലെ ഫീസ് വാങ്ങുന്ന നടപടി തടഞ്ഞ് സുപ്രീംകോടതി. 2018 ബാച്ചിലെ വിദ്യാർത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികളിൽ നിന്നു ഉയർന്ന ഫീസ് ഈടാക്കാൻ ഉടൻ നടപടികൾ സ്വീകരിക്കരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ച് ഉത്തരവായി.
എതിർ കക്ഷികളായ പ്രിൻസിപ്പലിനും സർക്കാരിനും നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. 2018 ആഗസ്റ്റിൽ തങ്ങൾ കോളേജിൽ പ്രവേശനം നേടുമ്പോൾ തന്നെ പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തിരുന്നുവെന്നാണ് രണ്ടാം വർഷ വിദ്യാർത്ഥികളുടെ വാദം. 2016 ഒക്ടോബറിൽ തന്നെ കോളേജ് ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കുകയും ഏറ്റെടുത്ത് ഓർഡിനൻസ് ഇറക്കിയതുമാണ്. ഇതനുസരിച്ച് കോളേജിൽ ചേർന്ന വിദ്യാർത്ഥികളോട് സർക്കാർ കോളേജിലെ ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു. സീനിയർ അഭിഭാഷകനായ ബസവപ്രഭു പാട്ടീലും അഡ്വ.ഓൺ റിക്കാർഡ് വി.കെ.ബിജുവുമാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായത്.