യു. എസ് ഓപ്പൺ: അമ്മയായ ശേഷം കളത്തിലെത്തിയ സെറീനയും അസരങ്കയും പിറോങ്കോവയും മൂന്നാം റൗണ്ടിൽ
ആൻഡി മുറെ പുറത്ത്
ന്യൂയോർക്ക്: അമ്മയായ ശേഷം കളത്തിലെത്തിയ സെറീന വില്യസും വിക്ടോറിയ അസരങ്കയും സ്വെറ്റെന പിറങ്കോവയും യു.എസ്. ഓപ്പൺ ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിലെത്തി.
കഴിഞ്ഞ ദിവസം നടന്ന വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ റഷ്യയുടെ മാർഗരീത്ത ഗാസ്പര്യാനെ നേരിട്ടുള്ള സെറ്റുകളിൽ 6-2, 6-4ന് കീഴടക്കിയാണ് യു.എസ് സൂപ്പർതാരം സെറീന വില്യംസ് മൂന്നാം റൗണ്ടിലെത്തിയത്. സ്പെയിനിന്റെ പത്താം സീഡ് ഗാർബിൻ മുഗുരുസയെ 7-5,6-3ന് തകർത്താണ് ബൾഗേറിയൻ താരം പിറങ്കോവ മൂന്നാം റൗണ്ട് ഉറപ്പിച്ചത്. നാട്ടുകാരി കൂടിയായ സബലേങ്കയെ നേരിട്ടുള്ള സെറ്റുകളിൽ അനായാസം കീഴടക്കിയാണ് ബലാറസിന്റെ മുൻ ലോക ഒന്നാം നമ്പർ അസരങ്ക മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. സ്കോർ: 6-1, 6-3.
അതേസമയം പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ ബ്രിട്ടന്റെ ആൻഡി മുറെ കനേഡിയൻ കൗമാര താരം ഫെലിക്സ് ഔഗർ അലിയാസ്സിമയോട് തോറ്റ് പുറത്തായി. സ്കോർ: 3-6, 3-6,4-6.
സുമിത്തും പുറത്ത്
ഇന്ത്യൻ പ്രതീക്ഷയായിരുന്ന സുമിത്ത് നാഗൽ ലോക രണ്ടാം നമ്പർ ആസ്ട്രേലിയൻ താരം ഡൊമിനിക്ക് തീമിനോട് തോറ്റ് പുറത്തായി. രണ്ടാം റൗണ്ടിൽ 6-3, 6-3, 6-2നാണ് തീം നാഗലിനെ കീഴടക്കിയത്.