2021വരെ ബാഴ്സയിൽ തുടരും
ബാർത്തോമ്യൂ ദുരന്തമെന്ന് മെസി
ബാഴ്സലോണ: ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസി ബാഴ്സലോണയിൽ തുടരും. ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് 2021വരെ താൻ ബാഴ്സയിൽ തുടരുമെന്ന് മെസി വ്യക്തമാക്കിയത്. ടീം വിടുകയാണെങ്കിൽ 700 മില്യൺ യൂറോ (ഏകദേശം 6071 കോടി രൂപ) റിലീസ് ക്ലോസായി നൽകണമെന്ന ബാഴ്സ അധികൃതരുടെ നിലപാടാണ് താരത്തിന്റെ മനംമാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് റിപ്പോർട്ട്.
കരാർ സംബന്ധിച്ച പ്രശ്നങ്ങളിൽ ക്ലബിനെ കോടതി കയറ്റാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് ക്ലബിൽ തുടരുന്നതെന്ന് മെസി വ്യക്തമാക്കി. അതേസമയം ക്ലബ് മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച മെസി പ്രസിഡന്റ് ജോസപ് ബാർത്തോമ്യൂവിനെ ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്. മാനേജ്മെന്റുമായുള്ള സ്വരച്ചേർച്ചയില്ലായ്മ മൂലം ക്ലബ് വിടാനായിരുന്നു എന്റെ തീരുമാനം. എന്നാൽ മാനേജ്മെന്റ് സമ്മതിച്ചില്ല. ബാർത്തോമ്യൂ ഒരു ദുരന്തമാണ്.കുടുംബം ആവശ്യപ്പെട്ടിട്ടും തുടരാനാകാത്ത മാനസികാവസ്ഥയിലായിരുന്നു. ബാഴ്സ വിടാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ ഭാര്യയും കുട്ടികളും കരയുകയായിരുന്നു. ബാഴ്സലോണ വടുന്നതിനൊ പഠിച്ച സ്കൂൾ മാറുന്നതിനൊ അവർക്ക് ആഗ്രഹമില്ലായിരുന്നു.
ബാഴ്സയിൽ കരിയർ അവസാനിപ്പിക്കണമെന്നായിരുന്നു എന്റേയും ആഗ്രഹം. പക്ഷേ മാനേജ്മെന്റ് ചൊടിപ്പിച്ചു കൊണ്ടിരുന്നു. ക്ലബ് വിടണമെങ്കിൽ 700 മില്യൺ യൂറോ നൽകേണ്ടിവരുമെന്ന് ബാർത്തോമ്യൂ പറഞ്ഞു. ഇതിനെതിരെ ജീവനെപ്പോലെ പോലെ സ്നേഹിക്കുന്ന ക്ലബിനെ കോടതികയറ്റാൻ താത്പര്യമില്ല. അതിനാൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. -മെസി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബാഴ്സലോണയിലേക്ക് പറന്നെത്തിയ പിതാവും ഏജന്റുമായ ജോർജി മെസിയുടെ ഇടപെടലും മെസിയുടെ മനംമാറ്റത്തിന് പിന്നിലുണ്ട്. കരാർ അവസാനിപ്പിക്കാതെ ക്ലബ് വിട്ടാൽ 700 മില്യൺ യൂറോ (ഏകദേശം 6071 കോടി രൂപ) ബാഴ്സലോണയ്ക്ക് നൽകണമെന്ന ആവശ്യം മെസി ടീം വിടുകയാണെന്ന് അറിയിച്ചപ്പഴേ ക്ലബ് ഉന്നയിച്ചിരുന്നു. ബാഴ്സ പറയുന്ന 700 മില്യൺ യൂറോയുടെ റിലീസ് ക്ലോസിന് നിയമസാദ്ധ്യതയില്ലെന്ന് കാണിച്ച് ജോർജി ലാലിഗ അധികൃതർക്ക് നേരത്തേ കത്തയച്ചിരുന്നു. യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ ബയൺ മ്യൂണിക്കിനോട് പിണഞ്ഞ കൂറ്റൻ തോൽവിക്കു പിന്നാലെയാണ് ടീം വിടാൻ മെസി തീരുമാനിച്ചത്. പോകാൻ അനുവദിക്കില്ലെന്ന് ബാഴ്സയും നിലപാടെടുത്തു. ബാഴ്സലോണ പുതിയ സീസണിനു മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധന മെസി ബഹിഷ്കരിച്ചിരുന്നു. ടീം പരിശീലനം പുനരാരംഭിച്ചപ്പോഴും മെസി വിട്ടുനിന്നു. തന്റെ പ്രിയപ്പെട്ട കോച്ച് പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മെസി പോയേക്കുമെന്ന പ്രചാരണം ശക്തമായിരുന്നു.