ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. പണികൾ വേഗത്തിലാക്കിയെന്ന് കരാർ കമ്പനിയായ യു.എൽ.സി.എസ് ദേശീയപാത അധികൃതരെ അറിയിച്ചു. ദേശീയപാതയിൽ അയണിമൂട് ഓവർബ്രിഡ്ജിന്റെ പണികൾ പൂർത്തീകരിക്കാൻ 90 ദിവസം കടന്നപ്പോൾ പള്ളിച്ചൽ തോടിന് കുറുകെ ഓവർബ്രിഡ്ജിന്റെ പണികൾ 25 ദിവസത്തിനുള്ളിൽ തന്നെ ഏകദേശം പൂർത്തിയായി. പള്ളിച്ചൽ തോടിന്റെയും രാജപാതയുടെയും പണികൾ മാത്രമാണ് ദേശീയപാതയുടെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള ഭാഗമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ബാലരാമപുരം മുതൽ മുടവൂർപ്പാറ വരെ മീഡിയനുകൾ സ്ഥാപിച്ചു. വെടിവച്ചാൻകോവിൽ മുതൽ പ്രാവച്ചമ്പലം തുടർ മീഡിയനുകൾ സ്ഥാപിക്കുന്ന ജോലികളും ഉടൻ പൂർത്തിയാവും. സിഗ്നൽ സംവിധാനം സ്ഥാപിക്കുന്ന ജോലികൾ കെൽട്രോണാണ് ഏറ്റെടുത്തിരിക്കുന്നത്. ദേശീയപാതയിൽ പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ സംവിധാനം ഒരുക്കുന്നതിന്റെ ജോലികളും പൂർത്തിയായിട്ടുണ്ട്.