കോട്ടയം : ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ ഭേദഗതി വരുത്തി ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായി. രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെയാണ് പ്രവർത്തനാനുമതി. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല. ഹോട്ടലുകളിൽ രാവിലെ 7 മുതൽ രാത്രി 9 വരെ മാത്രമേ ആളുകളെ ഇരുത്തി ഭക്ഷണം വിളമ്പാൻ പാടുള്ളൂ. 9 മുതൽ 10 വരെ പാഴ്സൽ, ഹോം ഡെലിവറി സേവനങ്ങൾ അനുവദിക്കും. വഴിയോര ഭക്ഷണശാലകളിൽ അംഗീകാരമുള്ളവയ്ക്ക് പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കമ്പോൾ ഇതു സംബന്ധിച്ച ഉത്തരവിൽ പരാമർശിക്കുന്ന നിയന്ത്രണങ്ങൾ മാത്രം അതത് പ്രദേശങ്ങളിൽ ബാധകമായിരിക്കും. എല്ലാ വ്യാപാര സ്ഥാപനങ്ങളും സാമൂഹികഅകലം ഉൾപ്പെടെ കൃത്യമായി പാലിക്കണം. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഇൻസിഡന്റ് കമാൻഡർമാരായ തഹസിൽദാർമാരും, ഉത്തരവാദിത്തപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും നടപടി സ്വീകരിക്കും.