വാകമരം കടപുഴകി, കെ.എസ്.ഇ.ബിയ്ക്ക് നഷ്ടം മൂന്നുലക്ഷം
കോട്ടയം : ഇന്നലെ രാവിലെ മുതൽ പെയ്ത കനത്ത മഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം വിതച്ചു. മൂലവട്ടം ദിവാൻകവലയിൽ പടുകൂറ്റൻ വാകമരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണം താറുമാറായി. മണിപ്പുഴ - കൊല്ലാട് റോഡിരികിൽ ദിവാൻകവല ജംഗ്ഷനിലാണ് ഇന്നലെ പുലർച്ചെ ഏഴോടെ മരം മറിഞ്ഞു വീണത്. നാലു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. 8 വൈദ്യുതി പോസ്റ്റുകൾ തകർന്നു.
മൂന്നു മണിക്കൂറിന് ശേഷം 11 ഓടെയാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്. ഫയർഫോഴ്സും, പൊലീസും, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തി. മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ. കുറുപ്പംപടി, കുന്നമ്പള്ളി, ലീല, പെർച്ച് വില്ല ട്രാൻസ്ഫോമറുകളിലേയ്ക്കുള്ള വൈദ്യുതി വിതരണമാണ് പൂർണമായും തടസപ്പെട്ടത്. കൂടാതെ ബി.എസ്.എൻ.എൽ ട്രാൻസ്ഫോമറിലെ ഒരു ഭാഗത്തേയ്ക്കുള്ള വൈദ്യുതി വിതരണവും തടസപ്പെട്ടു. വൈകിട്ടോടെ ഭാഗികമായി വൈദ്യുതി വിതരണം പുനസ്ഥാച്ചു. പോസ്റ്റുകൾ മുഴുവൻ പുന:സ്ഥാപിച്ച് വൈദ്യുതി വിതരണം പൂർവ സ്ഥിതിയിൽ എത്താൻ രണ്ടുദിവസമെങ്കിലും വേണ്ടിവരും.
കുടയംപടി - അയ്മനം റോഡിൽ വെള്ളക്കെട്ട്
കനത്ത മഴയിൽ കുടയംപടി - അയ്മനം റോഡിൽ വെള്ളം കയറിയതോടെ വാഹനയാത്ര ദുഷ്ക്കരമായി.
ഓട പുനർനിർമ്മിച്ചെങ്കിലും പ്രയോജനം ലഭിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു ആംബുലൻസുകൾ അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
ഏറ്റുമാനൂരിൽ മരം വീണ് വീട് തകർന്നു
കനത്ത മഴയിലും കാറ്റിലും മരം വീണ് ഏറ്റുമാനൂരിൽ വീട് തകർന്നു. നഗരഭയിലെ 31-ാം വാർഡിൽ ശങ്കരാമല കോളനിയിലെ ജിനാഷിന്റെ വീടാണ് അയൽവാസിയുടെ പുരയിടത്തിലെ തേക്കുമരം വീണ് തകർന്നത്. വീട്ടമ്മ രണ്ട് പെൺമക്കളെയും കൂട്ടി പെട്ടെന്ന് മാറിയതിനാൽ വൻഅപകടം ഒഴിവായി. നേരത്തെ മുതൽ മരത്തിന്റെ പലഭാഗങ്ങൾ വീണ് വീട് തകർന്നിരുന്നു. വാർഡ് കൗൺസിലർടക്കമുള്ളവർ സ്ഥലത്തെത്തി.
മുണ്ടക്കയത്ത് മണ്ണിടിച്ചിൽ
കനത്ത മഴയിൽ കൂട്ടിക്കൽ, ഇളംകാട് മേഖലയിൽ മണ്ണിടിച്ചിൽ. പീരുമേട് താലൂക്കിൽപ്പെട്ട കൊക്കയാർ പഞ്ചായത്തിലെ വെമ്പാല ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇത് മൂലം പുല്ലകയാറ്റിലൂടെ മണ്ണും, കല്ലും മറ്റും ചേർന്ന് വെള്ളം കലങ്ങി ഒഴുകുകയാണ്.