പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസഫിന്റെ കാലു പിടിച്ചിട്ടും രണ്ടില ചിഹ്നം നൽകാതെ കുരങ്ങുകളിപ്പിച്ച് കൈതച്ചക്ക ചിഹ്നത്തിൽ മത്സരിച്ച് തോറ്റ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടിലചിഹ്നം നൽകിയപ്പോൾ 'ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കുമെന്ന പഴമൊഴിയാണ് ' ചുറ്റുവട്ടത്തിന് ഓർമ്മ വരുന്നത്. ഇതിനിടെ കുട്ടനാട് ഉപതിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ രണ്ടില ഇല്ലാതെ സ്വതന്ത്ര ചിഹ്നം തേടേണ്ട ഗതികേടിൽ ജോസഫ് നിൽക്കുമ്പോൾ 'പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പം കൂടെക്കൂടെ' എന്ന ചൊല്ല് ഓർത്ത് ജോസ് എങ്ങനെ കുരിശ് വരയ്ക്കാതിരിക്കും?
പാർട്ടി പേരും രണ്ടില ചിഹ്നവും കിട്ടിയതോടെ ജോസഫിനിട്ട് എങ്ങനെയൊക്കെ പാര പണിയാമെന്ന ആലോചന ജോസും കൂട്ടരും തുടങ്ങി. ഇടതുമുന്നണിക്കെതിരായ അവിശ്വാസ പ്രമേയവേളയിൽ വിപ്പ് ലംഘിച്ച പി.ജെ.ജോസഫ് ,മോൻസ് ജോസഫ് എന്നിവരുടെ എം.എൽഎ സ്ഥാനം കളയാൻ സ്പീക്കർക്ക് പരാതി നൽകി. (ജോസഫിനൊപ്പമുള്ള സി.എഫ്.തോമസ് അനാരോഗ്യ കാരണങ്ങളാൽ നിയമസഭയിൽ എത്താതിരുന്നത് വിപ്പ് പാലിച്ചതായി കണക്കാക്കി സി.എഫ് ആശാനോട് ക്ഷമിച്ചിരിക്കുകയാണ് ജോസ്). ജോസഫിനൊപ്പം നിൽക്കുന്ന ത്രിതലപഞ്ചായത്ത് സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തങ്ങളുടെ പക്ഷത്തേയ്ക്ക് കാലു മാറുന്നില്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമത്തിൽപ്പെടുത്തുമെന്ന മുന്നറിയിപ്പും നൽകിയതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി തുറുപ്പ് ചീട്ടാക്കി ജോസ് ഇനി ജോസഫിന്റെ നെഞ്ചത്ത് എങ്ങനെയൊക്കെ കാളിയമർദ്ദനം നടത്തുമെന്ന് പറയാനാവാത്ത സ്ഥിതിയാണുള്ളത്.
തൊടുപുഴയിൽ ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ഭൂസമര ബാനറിൽ കേരളകോൺഗ്രസ് (എം) എന്ന് എഴുതിയ ജോസഫിനെതിരെ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ജോസഫിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ സോഷ്യൽ മീഡിയയിൽ ചതയദിന സന്ദേശം ഇട്ടതിൽ കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയതിനെതിരെയും ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. രണ്ടില ചിഹ്നം മാത്രമേ ജോസിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ളൂ. ചെയർമാൻ സ്ഥാനം നൽകിയിട്ടില്ല. താനാണ് ഇപ്പോഴും വർക്കിംഗ് ചെയർമാൻ. ജോസ് ചെയർമാനായി നടിക്കുന്നതിനെതിരെ മൂന്നു കോടതികളിൽ കേസുള്ളതിനാൽ ജോസിനെതിരെ കോടതി അലക്ഷ്യ ഹർജി നൽകുമെന്നാണ് ജോസഫ് പറയുന്നത്. കള്ളൻ പെട്ടി കൊണ്ടു പോയെങ്കിലും താക്കോൽ തന്റെ കൈയ്യിലുണ്ടെന്ന് പണ്ടൊരു നമ്പൂതിരി പറഞ്ഞതു പോലാണ് കാര്യങ്ങൾ. ആരു പറയുന്നതാണ് ശരിയെന്ന് ആർക്കുമറിയില്ല. ജോസിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം നൽകിയെന്നതു ശരിയാണ്. അത് വച്ച് ആശാന്റെ നെഞ്ചത്ത് കയറി കളിക്കുന്നത് ശരിയാണോ?