കോട്ടയം : അവകാശസമരങ്ങൾക്കൊപ്പം സാമൂഹികപ്രതിബദ്ധത ഏറ്റെടുത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കേരള എൻ.ജി.ഒ അസോസിയേഷൻ ശൈലി ഏറെ അഭിമാനകരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ സഞ്ജീവനം ഭവന നിർമ്മാണ പദ്ധതിയിൽ പുതുപ്പള്ളി തച്ച്കുന്നിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി ഭവനങ്ങൾ അസോസിയേഷൻ നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഭവനരഹിതരായ നിരവധി ആളുകളെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരാൻ വിവിധ പദ്ധതികളിലൂടെ അസോസിയേഷന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻചാണ്ടിയെ ത്രിവർണ്ണ പുഷ്പഹാരം അണിയിച്ച് ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് , അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രവീന്ദ്രൻ , ഡി.സി.സി സെക്രട്ടറി ജോണി ജോസഫ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെബു ജോൺ, എ.പി.സുനിൽ, എം.ഉദയസൂര്യൻ, തോമസ് ഹെർബിറ്റ് , എസ് ഷർമ്മിള, എം.എസ്.ഗണേശൻ, ഇ.കെ.പ്രകാശൻ, ജെസി ബെൻസി, രഞ്ജു കെ മാത്യു, ബോബിൻ വി.പി. എന്നിവർ പ്രസംഗിച്ചു.