തലശ്ശേരി: കലയും സാഹിത്യവും ശാസ്ത്രവും നാട്ടുനന്മകളും ഇവിടെ പൂത്തുലയുകയാണ്. വടക്കുമ്പാട് മഠത്തുംഭാഗത്തെ ഗ്രാൻമ തീയേറ്റർ ഒരു സാമൂഹ്യ പാഠശാലയാണ്. അറിവിന്റെ അക്ഷയഖനിയായി 2018 ജനുവരി ഒന്നുമുതൽ ഈ സ്ഥാപനം ഗ്രാമദീപമായി ഇവിടെയുണ്ട്.
ഗ്രാമീണരുടെ മാനസികസംഘർഷങ്ങൾക്ക് ആശ്വാസമേകാൻ നിരവധി മനഃശാസ്ത്ര ക്ലാസുകൾ ഇവിടെ നടത്തിക്കഴിഞ്ഞു.
ആരോഗ്യ ക്ലാസുകൾ, പുസ്തകവായന, പുസ്തക ചർച്ച, ആനുകാലിക വിഷയങ്ങളിൽ ചർച്ച, സംവാദങ്ങൾ, സംഗീതശില്പങ്ങൾ എല്ലാം മുറതെറ്റാതെ ആഴ്ചകൾ തോറും നടക്കാറുണ്ട്. തീയേറ്ററിൽ എത്തിപ്പെടാൻ പറ്റാത്തവർക്ക് അയൽപക്കസദസ്സുകൾ, വ്യത്യസ്ത പ്രദേശങ്ങളിൽ വീടുകളിൽ പ്രതിമാസം എന്നിവയുമുണ്ട്. നല്ല കുടുംബം നല്ല സമൂഹം, കൗമാര മനസ്, നിങ്ങളുടെ കുഞ്ഞിനെ അറിയാം എന്നീ വിഷയങ്ങളിലാണ് കുടുംബ സദസ്സിൽ ചർച്ച നടക്കാറ്. 100 നും 150 നും ഇടയിൽ ആളുകൾ മിക്ക അയൽപക്ക സദസുകളിലും ഉണ്ടാവാറുണ്ട്.
പല സ്ഥലങ്ങളിലും നിശ്ചയിച്ച പരിപാടി കൊവിഡ് കാരണം മുടങ്ങി.
രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നിരവധി പരിശീലന ക്ലാസുകൾ, കൗൺസലിംഗ്, ഗൈഡൻസ് ക്ലാസുകൾ, ഗാർഹിക വിജ്ഞാന ക്ലാസുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. എല്ലാം തികച്ചും സൗജന്യമായാണ്. ഇതിനെല്ലാമുള്ള ഫണ്ട് സമാഹരണത്തിനായി വിവിധ തെറാപ്പികളെ സമന്വയിപ്പിച്ചു കൊണ്ട് 'മിറാക്കിൾ മോണിംഗ് ' എന്ന പേരിൽ നാമമാത്രമായ ഫീസ് ഈടാക്കി 21 ദിവസത്തെ ഒരു കോഴ്സ് തിയേറ്ററിൽ നടത്തിവരുന്നുണ്ട്.
ഡാൻസ് തെറാപ്പി, മ്യൂസിക്ക് തെറാപ്പി, കളരി, യോഗ, വിവിധ സൈക്കോളജിക്കൽ തെറാപ്പികൾ, ഗ്രൂപ്പ് കൗൺസലിംഗ് എന്നിവയെല്ലാം ഉൾച്ചേർത്തതാണ് കോഴ്സ്. ഡിറ്റർജന്റ് ബദൽ ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും ഇവിടെ നടക്കുന്നുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസുകൾ തുടർച്ചയായി നടന്നു വരുന്നു. വാട്സ് ആപ്പ് വഴിയും, ഗൂഗിൾ മീറ്റ് വഴിയുമാണ് ക്ലാസുകൾ. എ.വി. രത്നാകരനാണ് രണ്ടുവർഷം മുമ്പ് ഗ്രാൻമയ്ക്ക് തുടക്കമിട്ടത്.