ബാലരാമപുരം: മരുന്നില്ലാത്ത മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ അതിജീവനത്തിന്റെ ശബ്ദമധുരം പകർന്ന് റേഡിയോ മിഠായി. ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ 65 വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള കൂട്ടുകാരുടെ സർഗശേഷിയും പഠനാനുഭവങ്ങളും പൊതു സമൂഹത്തിൽ പങ്കിടാനാണ് റേഡിയോ മിഠായി ലക്ഷ്യമിടുന്നത്. പള്ളിക്കൂടങ്ങൾ തുറക്കാനാവാത്തതിനാൽ അവിടേക്ക് എത്താൻ കഴിയാത്ത കുട്ടികൾക്ക് ശബ്ദ സന്ദേശത്തിലൂടെ അനുഭവത്തിന്റെയും ആസ്വാദനത്തിന്റെയും സർഗാത്മകതയുടേയും വേറിട്ട അനുഭവമൊരുക്കുകയാണ് ബി.ആർ.സി അധികൃതർ. റേഡിയോ മിഠായിയുടെ ഉദ്ഘാടനം സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്റ്റ് കോ-ഓർഡിനേറ്റർ എൻ. രത്നകുമാർ നിർവഹിച്ചു. സംഗീത സംവിധായകൻ എം. ജയചന്ദ്രൻ മുഖ്യാതിഥിയായി. ഡി.പി.ഒ ബി. ശ്രീകുമാരൻ, ബാലരാമപുരം ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എസ്.ജി. അനീഷ്, എ.ഇ.ഒ വി.എസ്. ലീന, ഡി.പി.ഒമാരായ ജി. റെനി, എ. സന്ധ്യ, എസ്.എൽ. റെജി എന്നിവർ സംസാരിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികളുടെ പരിപാടികൾ റെക്കാർഡ് ചെയ്ത് സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിക്കാനാണ് ബി.ആർ.സി പദ്ധതിയിടുന്നത്.
ക്യാപ്ഷൻ: റേഡിയോ മിഠായിക്കുവേണ്ടി മുടിപ്പുരനട സർക്കാർ എൽ.പി.എസിലെ അനുഷ്മയും മേഘന മുരളികയും പാട്ട് പാടുന്നു