നാലരക്കോടി രൂപയുടെ ഭരണാനുമതി
കണ്ണൂർ: ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ അമ്പലത്തിൽ ടൂറിസം എക്സ്പീരിയൻസ് സെന്റർ സ്ഥാപിക്കുന്നു. ടൂറിസ്റ്റ് എക്സ്പീരിയൻസ് സ്ട്രീറ്റ് ഇൻ കൊട്ടിയൂർ ടെബിൾ എന്ന പദ്ധതിക്ക് നാലരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വളരെ പുരാതനവും പ്രാചീനവുമായ ക്ഷേത്രങ്ങളിലൊന്നാണ് കൊട്ടിയൂർ. വർഷത്തിൽ ഒരുമാസം മാത്രം നടക്കുന്ന വൈശാഖ ഉത്സവ കാലങ്ങളിൽ ധാരാളം ആളുകൾ വന്നു പോകാറുണ്ട്. ദക്ഷയാഗം നടന്നത് ഇവിടെയാണെന്നാണ് ഐതിഹ്യം.
ഹെറിട്ടേജ് ആൻഡ് സ്പൈസ് റൂട്ട് പ്രൊജക്ടിൽ നിന്നാണ് ഫണ്ട് വഹിക്കാൻ തീരുമാനമായത്. വിനോദ സഞ്ചാര വകുപ്പ് മുഖേന ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ഉത്തരവ്. പദ്ധതി ചെലവ് ഈ വർഷത്തെ ബഡ്ജറ്റ് വിഹിതത്തിൽ പരിമിതപ്പെടുത്താനും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വർഷം തോറും ആയിരങ്ങൾ എത്താറുള്ള കൊട്ടിയൂർ അമ്പലത്തിൽ പദ്ധതി നടപ്പിലാകുന്നതോടെ കണ്ണൂരിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പദ്ധതി ഇങ്ങനെ
ഗാലറി, ഹെറിറ്റേജ് സെന്റർ, ട്രെയിനിംഗ് ആൻഡ് പെർഫോമെന്റ്സ് സെന്റർ, ഡെയിലി മാർക്കറ്റ് സ്പേസ്, വീക്കെന്റ് മാർക്കറ്റ് സ്പേസ്, കോഫി സെന്റർ, പശുത്തൊഴുത്ത് എന്നിവയോടു കൂടിയാണ് ടൂറിസ്റ്റ് എക്സ്പീരിയൻസ് സെന്റർ പ്രവർത്തിക്കുക.