ആറ്റിങ്ങൽ: എക്സൈസ് എൻഫോഴ്സിമെന്റിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നടന്ന റെയ്ഡിൽ നാഷണൽ കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച 501.5 കിലോ കഞ്ചാവ് പിടികൂടി. കോരാണി ടോൾമുക്കിൽ നിന്ന് ഇന്നലെ രാവിലെ 7ഓടെയാണ് കഞ്ചാവ് പിടികൂടിയത്. ഇവയ്ക്ക് പ്രാദേശിക വിപണിയിൽ 20 കോടി രൂപ വിലവരുമെന്നും കേരളത്തിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്നും എക്സൈസ് അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ പഞ്ചാബ് സ്വദേശി കുൽവന്ത് സിംഗ് ഖൽസി, സഹായി ഛാർഖണ്ട് സ്വദേശി കൃഷ്ണയാദവ് എന്നിവർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വിവിധ ഇടങ്ങളിൽ വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടു വന്നതെന്നറിഞ്ഞത്. തൃശൂർ, കണ്ണൂർ, എറണാകുളം എന്നിവിടങ്ങലിലെ കച്ചവടക്കാർക്ക് എത്തിക്കാനായി ചിറയിൻകീഴുള്ള ഒരാളുടെ ഗോഡൗണിൽ സ്റ്റോക്കു ചെയ്യാനായാണ് കണ്ടെയ്നർ കോരാണി ടോൾമുക്കിൽ പാർക്കു ചെയ്തിരുന്നത്. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് കണ്ടെയ്നർ പരിശോധിച്ചത്. ലോറി ഡ്രൈവറുടെ ക്യാബിന് മുകളിൽ പ്രത്യേകമായി നിർമ്മിച്ചിരുന്ന രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവുമായി ബന്ധപ്പെട്ടവരുടെ വിവരം ലഭിച്ചിട്ടുണ്ടെന്നും പലയിടങ്ങളിലും റൈഡ് നടന്നു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ ആണ് ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച് കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ വില്പന നടത്തുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം എക്സൈസ് കമ്മിഷണർ എസ്. ആനന്തകൃഷ്ണന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറിർ രൂപീകരിച്ച സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെന്റ് സ്ക്വാഡ് കഴിഞ്ഞ ഒരു വർഷ കാലത്തിനുള്ളിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളിൽ ഇത്തരത്തിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ പിടികൂടിയിരുന്നു.
ഇന്നലെ നടന്ന റെയ്ഡിൽ സർക്കിൾ ഇൻസ്പെക്ടർമാരായ ജി.കൃഷ്ണകുമാർ,കെ.വി. സദയകുമാർ, ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ്, ആർ.ജി. രാജേഷ്, എസ്. മധുസൂദനൻ നായർ, പ്രിവൻറ്റീവ് ഓഫീസർമാരായ ടി. ഹരികുമാർ,രാജ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ എ.ജസീം,എം. വിശാഖ്, പി. സുബിൻ, ജിതേഷ്,എസ്.ഷംനാദ്, ആർ. രാജേഷ്, കെ. മുഹമ്മദ് അലി,പ്രഭാകരൻ പള്ളത്ത്,ഡ്രൈവർമാരായ കെ.രാജീവ്,എം.സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.