ഏത് നായികയായലും തന്റെ കഥാപാത്രത്തെ മികവുറ്റതാക്കുന്നതിനൊപ്പം ഒപ്പം
അഭിനയിക്കുന്നവർക്കു കൂടി കരുതൽനൽകുന്ന പ്രകൃതമാണ്മമ്മൂട്ടിയുടേത്
ഐശ്വര്യറായിയായാലും ജയപ്രദയായാലും സീമയായായാലും സുമലതയായാലും ശോഭനയായാലും ഉർവ്വശിയായാലും കാവ്യാമാധവനായാലും നായകൻ മമ്മൂട്ടിയാണെങ്കിൽ അതൊരു പെർഫക്ട് ജോടിയായിരിക്കും.എന്നാൽ മമ്മൂട്ടിയുടെ നായികമാരിൽ സുഹാസിനി നേടിയെടുത്ത സ്ഥാനം എടുത്തു പറയേണ്ടതാണ്.പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ,ഭരതന്റെ എന്റെ ഉപാസന,ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ,ഐ.വി.ശശിയുടെ അക്ഷരങ്ങൾ എന്നിവയ്ക്കു പുറമെ കഥ ഇതുവരെ ,പ്രണാമം,രാക്കുയിലിൻ രാഗസദസ്സിൽ, ഏറ്റവുമൊടുവിൽ തെലുങ്ക് ചിത്രമായ യാത്രയിൽ വരെ മമ്മൂട്ടി -സുഹാസിനി ജോടികൾ മികച്ച അഭിനയം കാഴ്ചവച്ചു.ജെന്റിൽമാൻ ആക്ടറാണ് മമ്മൂട്ടിയെന്ന് സുഹാസിനി പലവട്ടം പറഞ്ഞിട്ടുണ്ട്.
രാജീവ് മേനോൻ സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന തമിഴ് ചിത്രത്തിലാണ് ഐശ്വര്യറായ് മമ്മൂട്ടിയുടെ നായികയായത്.ഇന്ത്യൻ സിനിമയിലെ ഏറ്റവും സുന്ദരിയായ നടിയെന്ന് സത്യജിത് റേ വിശേഷിപ്പിച്ച ജയപ്രദയും മലയാള ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായിട്ടുണ്ട്.ധർത്രീപുത്ര എന്ന മമ്മൂട്ടിയുടെ ഹിന്ദി ചിത്രത്തിലും ജയപ്രദയായിരുന്നു നായിക.തന്നേക്കാൾ പ്രായ വ്യത്യാസമുള്ള നായികയായാലും മമ്മൂട്ടി മത്സരിച്ച് അഭിനയിക്കുമെന്നതിന് ഉദാഹരണമാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടൽ എന്ന ചിത്രത്തിലെ നായിക മീരാ ജാസ്മിനുമൊത്തുള്ള അഭിനയം.ഇരുവരുടെയും കരിയറിലേ തന്നെ മികച്ച കഥാപാത്രങ്ങളായി അത് മാറി.
ബ്ളെസിയുടെ ആദ്യ ചിത്രമായ കാഴ്ചയിൽ നായികയായിരുന്നു പദ്മപ്രിയ.തന്റെ ആദ്യ മലയാള ചിത്രമായിരുന്നു അതെങ്കിലും മമ്മൂക്ക നൽകിയ പിന്തുണയാണ് തനിക്കു ലഭിച്ച വേഷം മികവുറ്റതാക്കാൻ സഹായകമായതെന്ന് പദ്മപ്രിയ പറയുന്നു.തന്റെയൊപ്പം അഭിനയിക്കുന്നവരെക്കുറിച്ചും കരുതലുള്ള നടനാണ് മമ്മൂട്ടി.ജോഷിയുടെ നിറക്കൂട്ടിൽ സുമലതയായിരുന്നു നായിക.മലയാള പ്രേക്ഷകർക്ക് പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു മമമൂട്ടിയും സുമലതയും. ബാലു മഹേന്ദ്രയുടെ യാത്ര (മലയാളം )യിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ ശോഭന പിന്നീട് അനവധി ചിത്രങ്ങളിൽ ഒപ്പം അഭിനയിച്ചു.
നടി സീമ മമ്മൂട്ടിയോടൊപ്പം കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ്.ജയൻ സീമാ ജോടികൾക്കു ശേഷം ശ്രദ്ധേയമായ കൂട്ടുകെട്ടായിരുന്നു മമ്മൂട്ടി സീമാ ജോടി.ഏത് നായികയായലും തന്റെ കഥാപാത്രത്തെ മികവുറ്റതാക്കുന്നതിനൊപ്പം ഒപ്പം അഭിനയിക്കുന്നവർക്കു കൂടി കരുതൽ നൽകുന്ന പ്രകൃതമാണ് മമ്മൂട്ടിയുടേത്.