ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ വനിതാ മാദ്ധ്യമപ്രവർത്തകയായ ഷഹീന ഷഹീൻ വെടിയേറ്റു മരിച്ചു. ബലൂചിസ്ഥാനിലെ കെച്ചിൽ ശനിയാഴ്ചയായിരുന്നു സംഭവം. പി.ടിവിയിലെ അവതാരകയും ദസോഹോഗർ എന്ന മാഗസിന്റെ എഡിറ്ററുമായിരുന്നു അവർ. ഷഹീനയുടെ ഭർത്താവാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ബലൂചിസ്ഥാനിലെ യാഥാസ്ഥിതിക പ്രദേശമായ തങ്ങളുടെ നാട്ടിൽ ഭാര്യ പ്രശസ്തയായതാണ് ഭർത്താവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. അതേസമയം, കൊലപാതകം ഗാർഹിക പീഡനത്തെ തുടർന്നാണെന്ന് കെച്ച് പൊലീസ് സൂപ്രണ്ട് നജീബുള്ള പന്ദ്രാനി പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് മാസം മുമ്പായിരുന്നു ഷഹീനയുടെ വിവാഹം. ഇവരുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പ്രതിയാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജോലി ഉപേക്ഷിക്കണമെന്ന് കാട്ടി പലതവണ ബലൂച് ഭീകരരിൽ നിന്ന് ഷഹീനയ്ക്ക് ഭീഷണിയുണ്ടായിട്ടുണ്ട്. എന്നാൽ, അവർ അതിന്റെ പേരിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. ബലൂചിസ്ഥാനിൽ സ്ത്രീ ശാക്തീകരണത്തിനു വേണ്ടി മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നു ഷഹീന.