വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് ടെക്സാസിൽ നടത്തിയ ബോട്ട് റാലിക്കിടെ അപകടം.
നാലോളം ബോട്ടുകൾ ട്രാവിസ് തടാകത്തിൽ മുങ്ങി. ശനിയാഴ്ച നടന്ന സംഭവത്തിൽ ആളപായമില്ല. ട്രംപ് അനുകൂല പ്രകടനവുമായി നിരവധി ബോട്ടുകൾ തടാകത്തിലേക്ക് ഇറങ്ങിയിരുന്നു. എല്ലാ ബോട്ടുകളും ഒരുമിച്ച് ചലിക്കാൻ തുടങ്ങിയപ്പോൾ ഉണ്ടായ വലിയ തിരകളാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ബോട്ടുകൾ ശക്തമായി ഇളകി മുങ്ങാൻ തുടങ്ങിയതോടെ ബോട്ടിലുണ്ടായിരുന്നവർ തടാകത്തിലേക്ക് ചാടുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തി.
നൂറുകണക്കിന് ബോട്ടുകളുമായി നിരവധി റാലികളാണ് അമേരിക്കയിൽ ട്രംപ് അനുകൂലികൾ സംഘടിപ്പിക്കുന്നത്. ന്യൂജേഴ്സി മുതൽ സൗത്ത് കരോലിന വരെയാണ് ബോട്ട് പരേഡ് ആസൂത്രണം ചെയ്തിരിക്കുന്നത്.