മൂന്നാർ: പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടം കാണാനെത്തിയ തൊടുപുഴയിൽ നിന്നുള്ള കുടുംബത്തെ ആക്രമിച്ച് വീട്ടമ്മയുടെ മാല കവരാൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പള്ളി വാസൽ ആറ്റുകാട് ഡിവിഷനിൽ ആർ. ബാലകൃഷ്ണൻ (33), എസ്. ബാലസുധൻ (22) എന്നിവരെയാണ് മൂന്നാർ എസ്.ഐ മാഹിൻ സലീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒന്നാം പ്രതിയായ ആറ്റുകാട് സ്വദേശിയായ ഹരീഷ് ഒളിവിലാണ്. തിരുവോണ ദിവസമായിരുന്നു സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ തൊടുപുഴ ഇടവെട്ടി സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ ശേഷം ഓട്ടോയിലും ബൈക്കിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വാഹനത്തിനുള്ളിൽ മാല പൊട്ടി വീണതിനാൽ നഷ്ടപ്പെട്ടില്ല. ബഹളം വച്ചതിനെ തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ നമ്പർ സഹിതം പരാതി നൽകിയതിനെ തുടർന്നാണ് രണ്ടു പേരെ പിടികൂടിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.