അബുജ: പാർട്ടികൾക്കും കല്യാണങ്ങൾക്കും മറ്റും പോകുമ്പോൾ ആദ്യ പ്രശ്നം ഏത് വസ്ത്രം ധരിക്കണമെന്നതാണ്. പാർട്ടികൾ പോലുള്ള പ്രത്യേക പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഒരിക്കൽ ധരിച്ച വസ്ത്രം പിന്നീടും ധരിക്കാൻ പലർക്കും മടിയാണ്. എന്നാൽ, നൈജീരിയൻ ഫാഷൻ ഡിസൈനറായ ഒയിൻഡ അഖിൻഫെൻവ ഈ പ്രതിസന്ധിയ്ക്ക് പോംവഴി കണ്ടുപിടിച്ചിരിക്കുകയാണ്. ഒരേ വസ്ത്രം തന്നെ നാലുവിധത്തിൽ ധരിക്കാവുന്ന വിധത്തിലാണ് ഒയിൻഡ സ്റ്റൈൽ ചെയ്തിരിക്കുന്നത്. സ്ലീവിലും നെക്കിലുമാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. നിറം ഒന്നാണെങ്കിലും, ഒറ്റക്കാഴ്ച്ചയിൽ അവ വ്യത്യസ്തമാണെന്നേ തോന്നൂ. ഒരേ വസ്ത്രത്തെ നാലുരീതിയിൽ ധരിക്കാവുന്ന വിധം ഡിസൈൻ ചെയ്യുന്നത് എങ്ങനെയാണെന്നും ഒയിൻഡ പറയുന്നു. ഒരു പുതിയ ഡിസൈൻ മനസിൽ വരുമ്പോൾത്തന്നെ അതു വരച്ചുവയ്ക്കും. ആദ്യം സ്ലീവിൽ നിന്നാവും തുടങ്ങുക, ശേഷം മറ്റുഭാഗങ്ങൾ വരയ്ക്കുന്നതാണ് രീതി - ഒയിൻഡ പറഞ്ഞു. സ്വന്തമായി ഡ്രസ് ഉണ്ടാക്കുന്നത് തന്നെ അത്രത്തോളം സന്തോഷിപ്പിക്കുന്നുണ്ട്. 17ാം വയസിൽ അമ്മയുടെ സ്കാർഫ് ഉപയോഗിച്ച് ടോപ് ഉണ്ടാക്കിയാണ് തുടക്കം. അതു നന്നായി ചെയ്യാൻ സാധിച്ചതോടെ പിന്നെ എനിയ്ക്ക് ആത്മവിശ്വാസമായി. വൈകാതെ ഒരേ വസ്ത്രം തന്നെ പല രീതിയിൽ ഡിസൈൻ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഒയിൻഡ കൂട്ടിച്ചേർത്തു.