ചാത്തന്നൂർ: കഞ്ചാവ് വില്പന ചോദ്യം ചെയ്ത വൈരാഗ്യത്തിൽ കാരംകോട് കണ്ണേറ്റയിൽ ആക്രമണം അഴിച്ചുവിട്ട സംഘത്തിലെ രണ്ടുപേർ പിടിയിലായി. മീനാട് കിഴക്ക് കൊച്ചുകുന്നുംപുറത്ത് വീട്ടിൽ ഷാൻ (28), കോയിപ്പാട് രാജീവ്ഗാന്ധി കോളനിയിൽ പ്രിയങ്ക ഭവനിൽ മമ്മസാലി എന്ന് വിളിക്കുന്ന വിഷ്ണു (28) എന്നിവരെയാണ് ചാത്തന്നൂർ പൊലിസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ സി.ഐ ജസ്റ്റിൻ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി കോയിപ്പാട് രാജീവ്ഗാന്ധി കോളനിയിലെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ മാസം 27നാണ് സംഭവം. കണ്ണേറ്റ പ്രദേശത്ത് വ്യാപകമായി കഞ്ചാവ് വില്പന നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചിലരെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് രാത്രി ഒൻപതരയോടെ അൻപതോളം വരുന്ന സംഘം ബൈക്കുകളിൽ എത്തി കാരംകോട് ഉളിയനാട് മേഖലയിൽ ബോംബെറിയുകയും മാരകായുധങ്ങളുമായി ആക്രമണം നടത്തുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഈ കേസിൽ അന്വേഷണം നടത്തിവരവേ മീനാട് കൊല്ലാക്കുഴിയിലെ ഷാനിന്റെ വീട്ടിൽ നിന്ന് ഒരാഴ്ച മുമ്പ് ബോംബ് അടക്കമുള്ള മാരകായുധങ്ങളും കഞ്ചാവുമായി രണ്ട് പേരെ ചാത്തന്നൂർ എക്സൈസ് സംഘം പിടികൂടിയിരുന്നു. അന്ന് എക്സൈസ് സംഘത്തെ കണ്ട് ഷാൻ ഓടിരക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ഷാനും കൂട്ടാളിയും പിടിയിലായത്. എക്സൈസ് കേസിലാണ് ഷാനിനെ അറസ്റ്റ് ചെയ്തതെങ്കിലും ചോദ്യം ചെയ്യലിൽ കണ്ണേറ്റയിലെ ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. വിഷ്ണുവും കാരംകോട് സംഘർഷത്തിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ്.
സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഇരുപതിലേറെ പേർക്കെതിരെ കേസെടുത്തിരുന്നു. സംഘർഷത്തിൽ ഉപയോഗിച്ച നാടൻ ബോംബ് ഷാനാണ് കൊണ്ടുവന്നതെന്നും ഇയാളാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും പൊലീസ് പറഞ്ഞു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.