കൊച്ചി: മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കോട്ടയം എരുമേലി ഒലിക്കപ്പാറയിൽ അഷ്കർ അഷറഫ് (23), പത്തനംതിട്ട പന്തളം റിൻഷാ മൻസിലിൽ ഷാമോൻ (25) എന്നിവരെ ഒന്നേകാൽ കിലോഗ്രാം കഞ്ചാവും കടത്താനുപയോഗിച്ച ഇരുചക്രവാഹനവും സഹിതമാണ് പിടികൂടിയത്. കണ്ണൂർ മുഴപ്പിലങ്ങാട് മറിയാത്ത് മുഹമ്മദ് റിഹാൻ (26) എന്നയാളെ 10 മില്ലി ലിറ്റർ ഹാഷിഷ് ഓയിലുമായും പിടികൂടി. വെറ്റില ഹബ്ബ്, പാലാരിവട്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കാക്കനാട് ഭാഗങ്ങളിൽ ലോഡ്ജിൽ മുറിയെടുത്തായിരുന്നു മയക്കുമരുന്ന് വ്യാപാരം. മൂന്നിരിട്ടി വിലയ്ക്കാണ് വില്പപന. 10 മില്ലി ലിറ്റർ ഹാഷിഷ് ഓയിലിന് 10,000 രൂപ മുതൽ 15,000 രൂപ വരെയാണ് വില. 100 ഗ്രാം കഞ്ചാവിന് 10,000 രൂപ നിരക്കിലാണ് വില്പന. പണം ആർഭാട ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. കണ്ണൂരിലുള്ള വൻ മയക്കുമരുന്ന് റാക്കറ്റുളെക്കുറിച്ച് ഇവരിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് സ്ക്വാഡ് സി.ഐ ബി.എൽ. ഷിബു പറഞ്ഞു.