തൊടുപുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. മണക്കാട് പുതുപരിയാരം കുന്നത്തുപിള്ളിൽ രാഹുലാണ് (35) അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മണക്കാട് റോഡിലുള്ള സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ഒരു പവന്റെ മാലയാണെന്ന് പറഞ്ഞ് പണയം വയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. 18,000 രൂപ വാങ്ങാനായിരുന്നു ശ്രമം. മാല പരിശോധിച്ചതോടെ മുക്കുപണ്ടമാണെന്ന് സ്ഥാപനമുടമയ്ക്ക് ബോദ്ധ്യപ്പെട്ടു. തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.