ടോക്കിയോ: ജപ്പാനിലെ ദക്ഷിണതീരങ്ങളിൽ ആഞ്ഞടിച്ച് ഹെയ്ഷൻ കൊടുങ്കാറ്റ്. ഇതിനെത്തുടർന്ന് 810000 പേരെ മാറ്റിപാർപ്പിച്ചതായി ജപ്പാൻ സർക്കാർ അറിയിച്ചു.രാജ്യത്തെ 5 മില്യൺ ആളുകളെയാണ് കൊടുങ്കാറ്റ് ബാധിച്ചത്. ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് സർക്കാർ പ്രതിനിധികൾ അറിയിച്ചു. എന്നാൽ, ചില പ്രദേശങ്ങളിലുള്ളവർ മാറിപ്പോകാൻ വിസമ്മതിക്കുകയാണെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.ഞായറാഴ്ചയാണ് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങിയത്. ഇതുവരെയുള്ളതിൽ വച്ച് റെക്കോഡ് വേഗത്തിലാണ് കാറ്റ് വരുന്നതെന്നാണ് കാലാവസ്ഥാ പഠനകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് കാറ്റിന്റെ ഗതി മണിക്കൂറിൽ 252 കിലോമീറ്ററായി ഉയരാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച കൊറിയൻ ഉപദ്വീപിനെ മൈസാക്ക് കൊടുങ്കാറ്റ് തകർത്തതിനു പിന്നാലെയാണ് ഹെയ്ഷൻ കൊടുങ്കാറ്റ് ജപ്പാൻ തീരങ്ങളിലെത്തിയത്. മൈസാക്ക് കൊടുങ്കാറ്റിൽപ്പെട്ട് കൊറിയൻ ഉപദ്വീപിൽ മണ്ണിടിച്ചിലും ഭൂചലനവുമുണ്ടായി. രണ്ടു മരണവും നിരവധി അപകട സംഭവങ്ങളും അവിടെ റിപ്പോർട്ട് ചെയ്തിരുന്നു.