കൊച്ചി: ലോക്ക് ഡൗണിൽ ഫിറ്റ്നസ് സെന്ററുകൾ അടഞ്ഞതോടെ ആരോഗ്യജീവിതത്തിനായി പലരും സൈക്കിൾ സവാരിയിലേക്ക് ചുവടുമാറിയെങ്കിലും അനുയോജ്യമായ സൗകര്യങ്ങളില്ല. നഗരത്തിലെ സവാരിയ്ക്ക് സൈക്കിൾ പാതയില്ലാത്തത് വെല്ലുവിളിയാണ്. പാതകൾ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നും പ്രാവർത്തികമായില്ല.
മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി പലിടങ്ങളിലും സൈക്കിൾ പാത നിർമ്മിച്ചെങ്കിലും ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മീഡിയനുകളിലെ സൈക്കിൾ പാത എന്ന ആവശ്യം മുന്നോട്ടു വയ്ക്കുകയാണ് സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് കൊച്ചി. വൈറ്റില -ഇടപ്പള്ളി ബൈപാസ് തുടങ്ങിയ റോഡുകളിലെ മീഡിയൻ നിലനിറുത്തി പുന:ക്രമീകരിച്ച് പുതിയതായി സ്ഥലം ഏറ്റെടുക്കാതെ സൈക്കിൾ പാത നിർമ്മാണം സാദ്ധ്യമാണ്.
വിദേശ രാജ്യങ്ങളുടെ മാതൃക പിന്തുടരാം
വിദേശ രാജ്യങ്ങളിൽ മീഡിയനുകളിൽ സൈക്കിൾ പാതകൾ നിലവിലുണ്ട്. സ്മാർട്ട് സിറ്റി പ്രോജക്ടിന് കിഴിൽ കൊച്ചി സിറ്റിയിൽ സൈക്കിൾ പാതകൾ വരാൻ പോകുന്ന സാഹചര്യത്തിൽ പൈലറ്റ് പ്രോജക്ട് എന്ന രീതിയിൽ 3 മുതൽ 5 മീറ്റർ വീതിയിൽ മീഡിയൻ നിർമ്മിക്കാൻ അധികാരികൾ അടിയന്തിരമായി ഇടപെടണം.
ജോബി രാജു
സ്ഥാപകൻ
പെഡൽ ഫോഴ്സ് കൊച്ചി
പെഡൽ ഫോഴ്സ് കൊച്ചി
ഹരിത യാത്രാ മാർഗമായ സൈക്കിൾ ഗതാഗതം പ്രോത്സാഹിപ്പിക്കാൻ സ്ഥാപിതമായ സംഘടനയാണ് പെഡൽ ഫോഴ്സ് കൊച്ചി (പി.എഫ്.കെ). സൈക്കിൾ ഉപയോഗിക്കുന്നവർക്കും പുതിയതായി സൈക്കിൾ യാത്രയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും ഗ്രീൻ കാർഡ് പദവിയും ആനുകൂല്യങ്ങളും നൽകിവരുന്നു. ഗ്രൂപ്പ് സൈക്കിൾ സവാരികളും കൂട്ടായ്മ നടത്തിവരുന്നു.