മുംബയ്: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസന്വേഷണത്തിൽ നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവർത്തി കുറ്റസമ്മതം നടത്തിയെന്ന് റിപ്പോർട്ടുകൾ. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മുന്നിൽ ഇന്നലെ ചോദ്യം ചെയ്യലിനായി ഹാജരായപ്പോഴാണ് റിയ കുറ്റസമ്മതം നടത്തിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുശാന്തിന് ലഹരി മരുന്ന് ലഭിച്ചിരുന്നെന്ന് അറിയാമായിരുന്നുവെന്ന് റിയ സമ്മതിച്ചതായാണ് റിപ്പോർട്ട്. തന്റെ സഹോദരൻ ഷോവിക്ക് ചക്രവർത്തിക്കും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയ്ക്കും മയക്കുമരുന്നു കടത്തുകാരുമായി ബന്ധമുണ്ടായിരുന്നെന്നും അവർക്ക് എവിടെ നിന്ന് എങ്ങനെ മരുന്നുകൾ ലഭിക്കുന്നു എന്നതടക്കമുളള വിവരങ്ങൾ തനിക്കറിയാമായിരിന്നുവെന്നും റിയ പറഞ്ഞതായും റിപ്പോർട്ടുണ്ട്. മാർച്ച് 17 മുതൽ സാമുവൽ മിറാൻഡ മയക്കുമരുന്ന് ഡീലർ സയിദിൽ നിന്ന് ഡ്രഗ്സ് വാങ്ങിയതായും താരം സമ്മതിച്ചിട്ടുണ്ട്. നേരത്തേ നടത്തിയ ഡ്രഗ് ചാറ്റുകളെല്ലാം ശരിയാണെന്നും സഹോദരൻ വഴിയാണ് സുശാന്തിന് മരുന്നുകൾ എത്തിച്ചതെന്നും റിയ പറഞ്ഞെന്നാണ് വിവരം. ഇതോടൊപ്പം അറസ്റ്റിലായ ഡ്രഗ് ഡീലർ ബാഷിതിൽ നിന്നും ഷോവിക്ക് മരുന്ന് വാങ്ങിയിരുന്നതായും ഇയാൾ ഒരു തവണ തങ്ങളുടെ വീട്ടിൽ വന്നിരുന്നതായും നടി സമ്മതിച്ചു. ഷോവിക്കിനെയും മിറാൻഡയെയും വെള്ളിയാഴ്ച നർക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്തിനെയും അറസ്റ്റ് ചെയ്തു. ദീപേഷ് മയക്കുമരുന്ന് മരുന്ന് സംഘത്തിലെ പ്രധാനിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതും പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ റിയയ്ക്ക് സമൻസ് നൽകിയതും. അടുത്ത ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ലഹരി മരുന്ന് സ്വയം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ നൽകാത്തതിനാലാണ് റിയയോട് ഇന്നും ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്. അതിൽ വ്യക്തത വന്നാൽ പിന്നാലെ അറസ്റ്റുണ്ടായേക്കും. ഷോവിക്കിനെയും മിറാൻഡയെയും സെപ്തംബർ ഒൻപതു വരെ എൻ.സി.ബി.യുടെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.
നടിയെ ന്യായീകരിച്ച് അഭിഭാഷകൻ
റിയ തെറ്റുകാരിയല്ലെന്നും അറസ്റ്റിനു തയാറാണെന്നും അറിയിച്ച് താരത്തിന്റെ അഭിഭാഷകൻ സതീഷ് മനേഷിൻഡ പ്രസ്താവനയിറക്കി. സ്നേഹിച്ചതിന്റെ പേരിലാണ് റിയ വേട്ടയാടപ്പെടുന്നത്. സ്നേഹിക്കുന്നത് തെറ്റാണെങ്കിൽ റിയ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്നും സതീഷിന്റെ പ്രസ്താവനയിൽ പറയുന്നു.