വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നു. രോഗികൾ 27.9 കോടിയും മരണം 8,84,350 ഉം കവിഞ്ഞു. രോഗവിമുക്തരുടെ എണ്ണം 19.2 കോടിയിൽ എത്തിയെങ്കിലും ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ച് വരുന്നതിനാൽ ആശ്വസിക്കാറായിട്ടില്ല. കൊവിഡ് വ്യാപനത്തിന് ഏറെക്കുറെ ശമനമായ യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിക്കുകയാണ്. ഇറ്റലിയിൽ വ്യാപനം വീണ്ടും ശക്തമായതോടെ നിയന്ത്രണ നടപടികൾ കൂടുതൽ കർശനമാക്കാനുള്ള നീക്കത്തിലാണ് രാജ്യം. അതേസമയം, രാജ്യത്ത് മാസ്ക് ധാരണം നിർബന്ധമാക്കിയതിന് എതിരെ ജനങ്ങൾ തലസ്ഥാന നഗരിയായ റോമിൽ പ്രതിഷേധ പ്രകടനം നടത്തി. ഇറ്റലിയിൽ നിലവിൽ 1,700 പേർ കൊവിഡ് ബാധിതരായെന്നാണ് റിപ്പോർട്ട്.
ഫ്രാൻസിൽ വ്യാപനം ശക്തമായതോടെ നിരവധി പ്രദേശങ്ങളെ അതീവ ജാഗ്രത വിഭാഗത്തിൽ ഉൾപ്പെടുത്തി. ജർമ്മനിയിൽ ഇന്നലെ മാത്രം 988 കേസുകൾ റിപ്പോർട്ട് ചെയ്തു. മെക്സിക്കോ, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണ്.
ആസ്ട്രേലിയയിലെ വിക്ടോറിയയിൽ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. കൊവിഡ് വ്യാപനത്തിന് കാര്യമായ ശമനമുണ്ടെങ്കിലും, ജാഗ്രതയുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, രണ്ടാം ഘട്ട വ്യാപനത്തിൽ വലഞ്ഞിരുന്ന ദക്ഷിണ കൊറിയയ്ക്ക് നേരിയ ആശ്വാസം. കഴിഞ്ഞ നാല് ദിവസമായി 200ൽ താഴെ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിൽ ഇന്നലെ മാത്രം 10 കേസുകൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് മുൻപന്തിയിൽ നിൽക്കുന്ന അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിലെ സ്ഥിതി ഗുരുതമായി തന്നെ തുടരുന്നു.