കൊച്ചി: അറബിക്കടലിൽ ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ വീണ്ടും മഴ ശക്തമായി. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്താം തീയതി വരെ ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
മലയോര പ്രദേശങ്ങളിലും കടലോര മേഖലകളിലും മഴ ശക്തി പ്രാപിച്ചു. ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഴ വൈകിട്ടും തുടരുകയാണ്. കൊച്ചി നഗരത്തിൽ വൈകിട്ടോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. മുന്നൊരുക്കൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
തീരത്തും മലയോരത്തും ജാഗ്രത
ന്യൂനമർദ്ദ ഫലമായി സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കും സാദ്ധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 സെന്റിമീറ്റർ മുതൽ 115.5 വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോരപ്രദേശങ്ങൾ തുടങ്ങിയിടങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ വാസികളും ജാഗ്രത പാലിക്കണം. മത്സ്യ ബന്ധനത്തിന് പോകരുത്. 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.