കൊല്ലങ്കോട്: കൊവിഡ് വ്യാപനത്തിനെ തുടർന്ന് ഒന്നരമാസത്തോളം അടച്ചിട്ടിരുന്ന പുതുനഗരം മത്സ്യമാർക്കറ്റ് ഇന്നലെ പുലർച്ചെ മുതൽ പ്രവർത്തനം ആരംഭിച്ചു. പുതുനഗരം പഞ്ചായത്തിലെ 10 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും പ്രദേശത്ത് കൊവിഡ് ക്ലസ്റ്റർ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മത്സ്യമാർക്കറ്റ് ഉൾപ്പെടെയുള്ളയുള്ള വ്യാപാരകേന്ദ്രങ്ങൾ അടച്ചിട്ടത്. വിവിധ ഘട്ടങ്ങളിലായി നടന്ന ആന്റിജൻ പരിശോധനയിൽ പുതുനഗരം പഞ്ചായത്തിൽ മാത്രം 80ലധികം പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. പുതുനഗരം മത്സ്യവിപണന പ്രതിദിനം സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി ലോഡ് മത്സ്യം എത്താറുണ്ട്.
നിലവിൽ നാല്, ഏഴ്, എട്ട് വാർഡുകളൊഴികെ മറ്റെല്ലാം കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതോടെയാണ് മത്സ്യമാർക്കറ്റ് തുറക്കാൻ പശ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം മത്സ്യ മാർക്കറ്റ് സജീവമാകുന്നത് ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർക്ക് വലിയ പ്രതീക്ഷയാണെങ്കിലും സാമൂഹ്യ അകലവും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുമാത്രമേ കച്ചവടം നടത്താവു എന്നാണ് നിർദ്ദേശം.