പത്തനംതിട്ട : കൊവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതിയെ ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ ചോദ്യം ചെയ്തു. സംഭവത്തിൽ കുറ്റവാളിക്കെതിരെ ശക്തമായ നടപടികൾ ഉറപ്പാക്കും. പ്രതിയായ ആംബുലൻസ് ഡ്രൈവറുടെ ക്രിമിനൽ പശ്ചാത്തലവും, ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കുമെന്നും, ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികളെടുക്കുമെന്നും ജില്ലാപൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. സംഭവം റിപ്പോർട്ടായപ്പോൾ തന്നെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും, തെളിവുകളെല്ലാം ശേഖരിച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സയന്റിഫിക്, വിരലടയാള വിദഗ്ധർ അടങ്ങിയ സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ മുൻകാല ക്രിമിനൽ കേസുകൾ സംബന്ധിച്ചും അന്വേഷണത്തിൽ ഉൾപ്പെടുത്തി എത്രയും വേഗം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡി.ഐ.ജി, പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും, കുറ്റമറ്റ നിലയ്ക്ക് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ അന്വേഷണസംഘത്തിന് നൽകിയതായും ജില്ലാപൊലീസ് മേധാവി അറിയിച്ചു.
യുവതിയെയും കൊവിഡ് രോഗിയായ മറ്റൊരു സ്ത്രീയെയും, ആരോഗ്യപ്രവർത്തകർ ഇല്ലാതെ ഡ്രൈവർ മാത്രമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ സാഹചര്യവും അന്വേഷണത്തിൽ ഉൾപ്പെടുത്തും. പ്രതിയുമായി സംഭവ സ്ഥലത്തെത്തി പൊലീസ് തെളിവെടുത്തു. ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കാൻ ആവശ്യമായതെല്ലാം ചെയ്യും. രോഗികൾ ഒറ്റക്ക് ഇത്തരം സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്നത് സംബന്ധിച്ച് കൂടുതൽ സൂക്ഷ്മത പുലർത്തേണ്ട ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്നും, ബന്ധപ്പെട്ടവരും സമൂഹവും ജാഗ്രത പാലിക്കണം.
ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാർ ആംബുലൻസുകൾ ഓടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും. ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനടപടികൾ ജില്ലാപൊലീസ് കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ടു വീഴ്ചവരാത്തവിധം നടപടികൾ സ്വീകരിക്കുമെന്നും ജില്ലാപൊലീസ് മേധാവി അറിയിച്ചു.