കോട്ടയം:യു.ഡി.ഫിൽ നിന്ന് പുറത്തായി നിൽക്കുന്ന കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനവും, കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും സംബന്ധിച്ച് തീരുമാനമെടുക്കാൻ ചെയർമാൻ ജോസ് കെ മാണിയെ ഇന്നലെ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.
യു.ഡി.എഫിനെതിരെ രൂക്ഷവിമർശനമാണ് കമ്മിറ്റിയിലുണ്ടായത്. യു.ഡി.ഫിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം ഉയർന്നില്ല. അതേ സമയം ,ഇടതു മുന്നണി നേതാക്കളുടെ അനുകൂല നിലപാടിനെ സ്വാഗതം ചെയ്തു.
വിപ്പു ലംഘനം: കത്ത് നൽകും
ജോസഫ് വിഭാഗത്തെ വെട്ടിനിരത്തുന്നതിന് മുന്നോടിയായി, വിപ്പു ലംഘനക്കുറ്റം ചുമത്തി പി.ജെ.ജോസഫ് ,മോൻസ് ജോസഫ് എന്നിവരെ എം.എൽ.എസ്ഥാനത്തു നിന്ന് അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്തു നൽകുന്നതിന് ചീഫ് വിപ്പ് റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്തി .കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി, വിപ്പ് ലംഘന കാര്യത്തിൽ ബാധകമാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചതിനാൽ ജോസഫിന്റെയും മോൻസിന്റെയും എം.എൽഎ സ്ഥാനം നഷ്ടപ്പെടുന്ന നടപടിയുണ്ടാവാമെന്ന് യോഗം വിലയിരുത്തി..അനാരോഗ്യകാരണങ്ങളാൽ നിയമസഭയിലെത്താതിരുന്ന സി.എഫ്.തോമസ് വിപ്പ് അംഗീകരിച്ചതായി വിലയിരുത്തി നടപടി ഒഴിവാക്കും. രണ്ടില ചിഹ്നത്തിൽ മത്സരിച്ച ശേഷം ജോസഫ് പക്ഷത്തേക്ക് പോയ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കെതിരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കാനും തീരുമാനമായി.
രാഷ്ടീയ നിലപാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം ഉണ്ടാകുമെന്ന് ജോസ് .കെ മാണി പറഞ്ഞു .തെറ്റു തിരുത്തി വരാൻ യു.ഡി.എഫ് പറയുന്നു . തെറ്റ് ചെയ്യാത്തതിനാൽ എങ്ങനെ തിരുത്തും. ഞങ്ങളോട് മുഖ്യമന്ത്രിയടക്കം സി.പി.എം നേതാക്കളുടെ അനുകൂല നിലപാടിന് നന്ദിയുണ്ട്. കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്നതും തീരുമാനിക്കും. യു.ഡി.എഫ് തീരുമാനിക്കും മുമ്പ് തങ്ങൾ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.ജെ.ജോസഫിന് കേരളകോൺഗ്രസ് മേൽവിലാസം നഷ്ടമായതിനാൽ, ഏതു പാർട്ടിയുടെ പേരിൽ ഏതു ചിഹ്നത്തിൽ മത്സരിക്കുമെന്ന് കൂടി വ്യക്തമാക്കണമെന്ന് ജോസ് പറഞ്ഞു.
കുട്ടനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പി.ജെ. ജോസഫ്
തൊടുപുഴ : കുട്ടനാട്ടിൽ നാളെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പി.ജെ. ജോസഫ്.
ആർക്കും ചിഹ്നം നൽകാൻ ജോസ് കെ. മാണിക്ക് അധികാരമില്ലെന്നും ജോസഫ് പറഞ്ഞു.
കോടതി വിധി പ്രകാരം ജോസ് കെ. മാണിക്ക് ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാനോ അധികാരമില്ല. കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം നിയമ വിരുദ്ധമാണ്.
തിരഞ്ഞെടുപ്പിൽ ചിഹ്നം വിലങ്ങു തടിയാകില്ല. ജോസ് കെ. മാണി രാജ്യസഭാ അംഗത്വം രാജി വച്ച് പാലായിൽ മത്സരിക്കുമെന്ന് കരുതുന്നില്ല. പാലായിൽ സ്വന്തം ബൂത്തിൽ 10 വോട്ട് കുറവു കിട്ടിയതാണ് ജോസ് കെ. മാണിയുടെ ജനപിന്തുണയെന്നും ജോസഫ് പറഞ്ഞു.