ചെന്നൈ: ചെന്നൈയിലെ അമേരിക്കൻ കോൺസൽ ജനറലായി ജൂഡിത്ത് റേവൻ ചുമതലയേറ്റു. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ അമേരിക്കൻ ഏംബസിയിൽ പബ്ളിക് അഫയേഴ്സ് കൗൺസിലറായി പ്രവർത്തിച്ച് വരവേയാണ് ജൂഡിത്തിനെ തേടി പുതിയ പദവിയെത്തിയത്. വാഷിംഗ്ടണിൽ ഹെയ്ത്തി സ്പെഷ്യൽ കോ-ഓർഡിനേറ്ററുടെ കാര്യാലത്തിൽ വിദേശകാര്യ ഉദ്യോഗസ്ഥയായും പ്രവർത്തിച്ചിട്ടുണ്ട്.
പാക്കിസ്ഥാൻ, ഡൊമിനിക്കൻ റിപ്പബ്ളിക്, സുഡാൻ, കാമറൂൺ, മെക്സിക്കോ എന്നിവിടങ്ങളിൽ നയതന്ത്രജ്ഞയായും സേവനം അനുഷ്ഠിച്ചു. അമേരിക്ക, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ നിന്ന് ബിരുദങ്ങൾ നേടിയിട്ടുള്ള ജൂഡിത്ത് ഇംഗ്ളീഷിന് പുറമേ ഫ്രഞ്ച്, സ്പാനിഷ് ഭാഷകളും സംസാരിക്കും. അമേരിക്കയെ പ്രതിനിധീകരിച്ച് ദക്ഷിണേന്ത്യയിൽ പ്രവർത്തിക്കാൻ കഴിയുന്നത് അംഗീകാരമായി കാണുന്നുവെന്ന് ജൂഡിത്ത് പറഞ്ഞു.