കൊച്ചി: സിനിമാതാരങ്ങൾ സജീവ സാന്നിദ്ധ്യമായ ബംഗളൂരു, കൊച്ചി നിശാപാർട്ടികളിൽ മയക്കുമരുന്ന് എത്തിച്ചത് ഒരേ സംഘമാണെന്ന് കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി ) വ്യക്തമാക്കി. റേവ് പാർട്ടികൾ എന്ന് അറിയപ്പെട്ടിരുന്ന കൂടിച്ചേരലുകളുടെ സംഘാടകർക്ക് മാത്രമാണ് മാറ്റം.
കൊച്ചിയിലെ പാർട്ടികൾക്ക് എല്ലാ സഹായവും ചെയ്തിരുന്നത് ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രൊഡക്ഷൻ കമ്പനി ഉടമ വിരേൺ ഖന്നയാണെന്നും വ്യക്തമായി. ഇയാളുടെ ക്ഷണപ്രകാരം ബംഗളൂരൂവിലെ പാർട്ടികളിൽ മലയാളി സിനിമാക്കാരും മലയാളി വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു. ഖന്നയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നിശാ പാർട്ടിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ഏകോപ്പിപ്പിച്ചിരുന്നത്. ഡീൽ ഉറപ്പിക്കുന്നതോടെ വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ സ്ഥലമുൾപ്പെടെ അറിയിക്കും. പാർട്ടികൾക്ക് എത്തുന്ന സിനിമാക്കാർ അടുത്ത പാർട്ടികൾക്ക് സഹപ്രവർത്തകരെ എത്തിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിലൂടെയാണ് കൂടുതൽ പേരെ നിശാപാർട്ടികളിലേക്ക് കൊണ്ടുവരുന്നതെന്ന് എൻ.സി.ബിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ 'കേരളകൗമുദി'യോട് പറഞ്ഞു.
വിരേണിന്റെ ഫേസ്ബുക്ക് പേജിൽ ബംഗളൂരുവിലെ ആഢംബര ഹോട്ടലുകളിൽ നടത്തിയ നിരവധി നിശാപാർട്ടികളുടെ ചിത്രങ്ങളുണ്ട്.
ബംഗളൂരു, കൊച്ചി പാർട്ടികൾക്ക് ലഹരി എത്തിച്ച നൈജീരിയക്കാരായ ലോം പെപ്പർ സാമ്പ, ഒക്കാവോ ചിഗോസി കോളിൻ എന്നിവർ 2014 ൽ ഒരുമിച്ചാണ് ഗോവയിലെത്തിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന സിന്തറ്റിക് ലഹരിയായ എം.ഡി.എം.എയുടെ പ്രധാന വിപണനക്കാരായി ഇരുവരും. യുവനടനും മോഡലുകളും ലഹരി ഉപയോഗത്തിനിടെ കൊച്ചിയിൽ പിടിയിലായതോടെയാണ് ഒക്കാവോയെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്.