മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഏക്കാലത്തെയും ഉയരത്തിലെത്തി. ആഗസ്റ്റ് 28ന് സമാപിച്ച വാരത്തിൽ 388.3 കോടി ഡോളറിന്റെ കുതിപ്പുമായി 54,143.1 കോടി ഡോളറിലേക്കാണ് ശേഖരം ഉയർന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 229.6 കോടി ഡോളറിന്റെ വർദ്ധനയും രേഖപ്പെടുത്തിയിരുന്നു.
വിദേശ നാണയ ശേഖരത്തിലെ മുഖ്യ ഇനമായ വിദേശ നാണയ ആസ്തി 392.5 കോടി ഡോളർ ഉയർന്ന് 49,809.4 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 6.4 കോടി ഡോളറിന്റെ വർദ്ധനയുമായി 3,270 കോടി ഡോളറിലുമെത്തി. ഡോളറിലാണ് സൂചിപ്പിക്കുന്നതെങ്കിലും യൂറോ, പൗണ്ട്, യെൻ എന്നിവയും ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലുണ്ട്. കഴിഞ്ഞ ജൂൺ അഞ്ചിനാണ് വിദേശ നാണയശേഖരം ആദ്യമായി 50,000 കോടി ഡോളർ കടന്നത്.