ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത്. ഇന്ത്യയിൽ ആകെ രോഗബാധിതർ 41.96 ലക്ഷം കടന്നു. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 41.50 ലക്ഷത്തോടടുത്തു. 64 ലക്ഷം പിന്നിട്ട യു.എസ്.എയാണ് ഒന്നാമത്. കൊവിഡ് മരണങ്ങളിൽ ആഗോളതലത്തിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധനയാണ് രാജ്യത്ത്. ഇതാദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 90,000 കടന്നു. ശനിയാഴ്ച 90,600 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1044 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 71741 കടന്നു.
കൊവിഡ് സാഹചര്യം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ ശനിയാഴ്ച 20,800 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സെപ്തംബറിൽ ആദ്യ അഞ്ചുദിവസം കൊണ്ട് മാത്രം 91000 പുതിയ രോഗികൾ സംസ്ഥാനത്തുണ്ടായി. ആഗസ്റ്റിൽ 3,76,587 രോഗികളും ജൂലായിൽ 2,41820, ജൂണിൽ 1,04748 രോഗികളുമാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.
35 ജില്ലകളിൽ രൂക്ഷം
കൊവിഡ് അതിരൂക്ഷമായ 35 ജില്ലകൾ ഉൾക്കൊള്ളുന്ന 5 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും സ്ഥിതി കേന്ദ്രം വിലയിരുത്തി. ഡൽഹിയിലെ 11 ജില്ലകൾ, പശ്ചിമബംഗാളിലെ 4, മഹാരാഷ്ട്രയിലെ 17, ഗുജറാത്തിലെയും പോണ്ടിച്ചേരിയിലെ ജാർഖണ്ഡിലെയും ഒന്നുവീതം ജില്ലകളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ഇവിടങ്ങളിൽ കൊവിഡ് പരിശോധന ഉയർത്താനും പ്രതിരോധ നടപടികൾ ശക്തമാക്കാനും കേന്ദ്ര ആരോഗ്യസെക്രട്ടറി നിർദ്ദേശം നൽകി. കൊവിഡ് കേസുകളുയരുന്ന പഞ്ചാബിലേക്കും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലേക്കും ഉടൻ കേന്ദ്രസംഘത്തെ അയക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.
മരണനിരക്ക് കുറയ്ക്കൽ ലക്ഷ്യമിട്ട് കൊവിഡ് വ്യാപന നിയന്ത്രണം, നിരീക്ഷണം, പരിശോധന, കാര്യക്ഷമമായ ചികിത്സ തുടങ്ങി പൊതുജനാരോഗ്യ നടപടികൾ ശക്തിപ്പെടുത്തുന്നതിന് ഉന്നതതല സംഘം ഇവിടത്തെ ഭരണകൂടങ്ങളെ സഹായിക്കും.
രണ്ടാം ദിവസവും 70,000 രോഗമുക്തർ
രാജ്യത്തെ രോഗമുക്തി നിരക്ക് 77.32 ശതമാനമായി ഉയർന്നതും മരണനിരക്ക് 1.72 ശതമാനമായി കുറഞ്ഞതും ആശ്വാസമായി. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി നിരക്ക് ആയ 73, 642 രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസവുമാണ് രോഗമുക്തരുടെ എണ്ണം എഴുപതിനായിരം കടക്കുന്നത്. ആകെ രോഗമുക്തരുടെ എണ്ണം 32 ലക്ഷ്യത്തോടടുത്തു. ആകെ രോഗബാധിതരുടെ 20.96 ശതമാനം മാത്രമാണ് ചികിത്സയിലുള്ളൂവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നടൻ അർജുൻ കപൂറിന് കൊവിഡ്
നടൻ അർജുൻ കപൂറിന് കൊവിഡ്. രോഗംബാധിച്ചകാര്യം അർജുൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. രോഗലക്ഷണമില്ലാത്തതിനാൽ ഹോം ക്വാറന്റെയിനിലാണെന്ന് അർജുൻ അറിയിച്ചു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങിയവർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ദീപേന്ദർ ഹൂഡയ്ക്കും കർണാടക തൊഴിൽമന്ത്രിക്കും
ഹരിയാനയിലെ കോൺഗ്രസ് നേതാവും എം.പിയുമായ ദീപേന്ദ്രർ സിംഗ് ഹൂഡയ്ക്ക് കൊവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ ഉടൻ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അടുത്തിടെ ബറോഡ മണ്ഡലത്തിലെ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു. കർണാടകയിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ്. തൊഴിൽവകുപ്പ് മന്ത്രി എ. ശിവറാം ഹെബ്ബാറിനും ഭാര്യയ്ക്കുമാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 9 ലക്ഷം (907212) കടന്നു. 23350 പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ആന്ധ്രയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷത്തോടടുത്തു. ഇന്നലെ 10794 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.
രണ്ടാം കൊവിഡ് വ്യാപനമെന്ന്
എയിംസ് ഡയറക്ടർ
രാജ്യത്തെ ചില ഭാഗങ്ങളിൽ കൊവിഡിന്റെ രണ്ടാം വ്യാപനമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. കൊവിഡ് 2021ലും തുടർന്നേക്കാമെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വാക്സിൻ വികസിപ്പിക്കാൻ കുറച്ചു മാസങ്ങൾ കൂടി എടുത്തേക്കാം. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവ് രണ്ടാംവ്യാപനത്തിന്റെ കാരണങ്ങളിലൊന്നാണ്. ഡൽഹിയിൽ മാസ്ക് പോലും ധരിക്കാതെ ആളുകൾ പുറത്തിറങ്ങുന്നു. ആൾക്കൂട്ടവും ഉണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.