തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെപ്പറ്റി തിരക്കിട്ട ചർച്ചകളിലാണ് മുന്നണികൾ. ചവറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആർ.എസ്.പി നേതൃത്വം പ്രഖ്യാപിച്ച ഷിബു ബേബിജോൺ പ്രചാരണത്തിന് ഇന്നലെ തുടക്കമിട്ടു. പ്രവർത്തകരെ കണ്ട് വോട്ടഭ്യർത്ഥിച്ച ഷിബുവിന് പലയിടത്തും സ്വീകരണവും നൽകി.
കൊവിഡിൻെറ പശ്ചാത്തലത്തിൽ സുരക്ഷ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളെപ്പറ്റി കമ്മിഷൻ രാഷ്ടീയ പാർട്ടികളുമായും, ആരോഗ്യ, പൊലീസ്, തദ്ദേശ വകുപ്പ് അധികൃതരുമായും വിഭാഗങ്ങളുമായി ചർച്ച നടത്തും.പോളിങ് ബൂത്തുകളിൽ തിരക്കൊഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും വോട്ടർമാരുടെ എണ്ണം 1000 ആയി കുറയ്ക്കുന്നതോടെ, കൂടുതൽ ബൂത്തുകൾ ഒരുക്കും. പോളിങ് സമയവും കൂട്ടും. മുതിർന്ന പൗരൻമാർക്കായി പ്രത്യേക ക്യൂ ഉണ്ടാകും. 65 കഴിഞ്ഞവർക്കും,കൊവിഡ് നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ട് ചെയ്യാം.. വോട്ടർമാർ മാസ്ക് ധരിക്കണം. വോട്ടർമാർക്ക് കൈയ്യുറ നൽകിയാൽ മഷി എങ്ങനെ വിരലിൽ പുരട്ടുമെന്ന ചോദ്യവുമുയരുന്നു.
പ്രചാരണത്തിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമാക്കും. കൂട്ടം ചേർന്നുള്ള കൊട്ടിക്കലാശം അനുവദിക്കില്ല. കൂട്ടമായി വീടുകൾ കയറി പ്രചാരണവും പാടില്ല. ജാഥയായി വന്ന് നാമനിർദ്ദ പത്രിക സമർപ്പിക്കാൻ അനുവദിക്കില്ല. ഓൺലൈനായും പത്രിക സമർപ്പിക്കാം.