ആലപ്പുഴ: രത്നഗിരി എസ്റ്റേറ്റിലെ വാച്ച്മാനെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തൃശൂർ സ്വദേശിയായ ബിജിൻ (കുട്ടി -37) ആലപ്പുഴയിലെത്തിയത് സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം. ശനിയാഴ്ച രാവിലെ 11ന് മുന്നോടിയിലുള്ള ക്ഷേത്രത്തിന് സമീപം വച്ചാണ് ആലപ്പുഴ നോർത്ത് സി.ഐ കെ.പി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ വിജയപാർക്കിന് സമീപത്തെ റിസോർട്ടിൽ രണ്ട് ദിവസം മുമ്പ് ഇയാൾ മുറിയെടുത്തിരുന്നു. പൊലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ വിവിധ സ്ഥലങ്ങളിലായി സഞ്ചരിക്കുന്നതിനിടെയാണ് ബിജിൻ ആലപ്പുഴയിലെത്തിയത്. തമിഴ്നാട്ടിലെ കോടതിയിൽ നിന്ന് ജാമ്യമെടുത്ത ശേഷം രണ്ടുവർഷമായി ഒളിവിൽ കഴിയുകയായിരുന്നു. തമിഴ്നാട് ചോളമറ്റം പൊലീസ് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ബിജിൻ ആലപ്പുഴയിലുണ്ടെന്നു വ്യക്തമായി. തുചർന്ന് വിവരം ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിന് കൈമാറി.
ബീച്ചിൽ ബൈക്ക് പട്രോളിംഗ് നടത്തിയ സൗത്ത് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ മാനുവലും നദീമും ബിജിൻ താമസിച്ച റിസോർട്ടിൽ പരിശോധന നടത്തിയെങ്കിലും ഇയാൾ അവിടെ ഉണ്ടായിരുന്നില്ല. ലോക്കേഷൻ വീണ്ടും നിരീക്ഷിച്ചപ്പോഴാണ് മാളികമുക്ക് മുന്നോടി ക്ഷേത്രത്തിന് സമീപമുണ്ടന്ന് മനസിലായത്. പ്രതിയെ ചോളമറ്റം പൊലീസിന് കൈമാറി. ഒപ്പമുണ്ടായിരുന്ന യുവതിയെ വിട്ടയച്ചു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മുൻഡ്രൈവർ കനകരാജ് നൽകിയ ക്വട്ടേഷനിലാണ് 2017ൽ വാച്ച്മാനെ കൊലപ്പടുത്തി എസ്റ്റേറ്റ് കൊള്ളയടിച്ചത്.