കൽപറ്റ: കൊവിഡ് വ്യാപനത്തോടെ വയനാട്ടിൽ കുടുങ്ങിയ വിദേശ സെവൻസ് ഫുട്ബാൾ താരത്തിന് കരുതലിന്റെ തണലൊരുക്കി ഫുട്ബാൾ പ്രേമികൾ. ആഫ്രിക്കയിലെ ഘാനയിൽ നിന്നുള്ള സെവൻസ് താരം മൂസ ഇബ്രാഹിമാണ് അമ്പലവയലുകാരുടെ സ്നേഹച്ചുടിൽ കഴിയുന്നത്. കഴിഞ്ഞ ഡിസംബറിൽ
താമരശേരി ചുരം കയറി വയനാട്ടിലെത്തിയതാണ് മൂസ.അമ്പലവയൽ ഫുട്ബാൾ ക്ലബ്ബാണ് അതിഥി താരമായി മൂസയെ കൊണ്ടുവന്നത്. കളിക്കളങ്ങളിൽ കരുത്തും വിരുതും കാട്ടി കാണികളുടെ കൈയടി നേടിവരുന്നതിനിടെയാണ് കൊവിഡ് മൂസയ്ക്ക് ചുകപ്പ് കാർഡ് കാട്ടിയത്. ഇതോടെ കളത്തിന് പുറത്തായ മൂസയ്ക്ക് നാട്ടിലേക്ക് പോകാനും കഴിയാതായി. കളിയും വരുമാനവും നിലച്ച് സങ്കടത്തിലായ മൂസയെ പക്ഷേ, അമ്പലവയലുകാർ കൈവിട്ടില്ല. 'സുഡാനി ഫ്രം നൈജീരിയ' മാതൃകയിൽ മാസങ്ങളായി മൂസയെ സംരക്ഷിച്ചുവരികയാണ്. വാടകമുറിയിലാണ് മൂസയുടെ ജീവിതം. കൊവിഡ് നിയന്ത്രണങ്ങളുടെ ചട്ടക്കൂടിൽ പരിശീലനവും പാചകവും പാട്ടുമൊക്കെയായി ദിവസങ്ങൾ തള്ളിവിടുകയാണ് ഈ 23 കാരൻ. ഫുട്ബാൾ കളിക്കുന്നതിന് ആദ്യമായാണ് മൂസ ഇന്ത്യയിലെത്തുന്നത്. പ്രദേശിക ക്ലബ്ബിൽ മികവു തെളിയിച്ചതാണ് ഇന്ത്യയിലേക്ക് പറക്കാൻ ചിറകായത്. മാതാപിതാക്കളും നാലു സഹോദരങ്ങളും അടങ്ങുന്നതാണ് മൂസയുടെ കുടുംബം.ഘാനയിൽനിന്ന് പുറപ്പെടുമ്പോൾ മൂസ കണ്ടിരുന്ന സ്വപ്നങ്ങളത്രയും കൊവിഡ് തല്ലിത്തകർത്തു. ഘാനയിലേക്കുള്ള മൂസയുടെ മടക്കയാത്രയും പ്രതിസന്ധിയിലാണ്. യാത്രയ്ക്കുള്ള സാങ്കേതിക തടസങ്ങൾ നീങ്ങിയാലും വിമാന ടിക്കറ്റിന് വൻതുക വേണം. ഈ പ്രശ്നത്തിനും പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് അമ്പലവയലിലെ ഫുട്ബാൾ സമൂഹം.