മാനന്തവാടി: ചെറ്റപ്പാലം -വള്ളിയൂർക്കാവ് ബൈപാസ് റോഡിലെ കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. റോഡിലെ വലിയ ഗർത്തങ്ങൾ കാൽനടയാത്രക്കാർക്കു പോലും ഭീഷണിയായിട്ടുണ്ട്. കുഴികളിൽ മഴവെള്ളം കെട്ടികിടക്കുന്നതിനാൽ വാഹനങ്ങൾ കടന്ന് പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നത് പതിവായിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങളുണ്ടാവുന്നത് നിത്യകാഴ്ചയായി. വാഹനങ്ങൾ കുഴികളിൽ വീണ് കേടാവുന്നത് കാഴ്ചയല്ലാതായി. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് മൂന്നാം വർഷവും കുഴിയടക്കാൻ നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ബൈപ്പാസ് റോഡാണ്. കർണ്ണാടകയിൽ നിന്ന് വരുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്നത് ഈ ബൈപാസിലൂടെയാണ്. നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ വാഹനങ്ങളെ ഇതുവഴിയാണ് വഴിതിരിച്ച് വിടുന്നത്. മൂന്നാം വർഷവും പ്രശ്ന പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് കരാറുകാരനായ മൊയ്തീൻകുട്ടി എന്ന കൊച്ചുവാണ് സിമന്റ് കട്ടകൾ നൽകിയും സൗജന്യമായി ജെ.സി.ബി ഉൾപ്പെടെയുള്ള വാഹനങ്ങൾ വിട്ട് നൽകിയും കുഴികൾ താത്ക്കാലികമായി അടച്ചത്. നഗരസഭ കൗൺസിലർ ഷീജ ഫ്രാൻസിസ്, നൗഷാദ്, ഷബീർ, ജോർജ്ജ്, ഷെമീമ, ലത്തീഫ് എന്നിവർ നേതൃത്വം നൽകി.