പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ തിരുവിതാംകാേട് അനേകം ചരിത്രപുരുഷന്മാരുടെ ജനനത്തിനും മഹനീയ സംഭാവനകൾക്കും സാക്ഷ്യം വഹിച്ചു. ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരുദേവൻ, ശുഭാനന്ദസ്വാമികൾ, അയ്യങ്കാളി തുടങ്ങിയ മഹാന്മാർ ഒരേകാലത്ത് ജന്മം കൊള്ളുകയും രാജ്യത്തിനും ജനതയ്ക്കും പ്രകാശം പരത്തുകയും ചെയ്തു. തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ കണ്ണമ്മൂല ഉള്ളൂർക്കോട് എന്ന ദരിദ്ര കുടുബത്തിൽ 1853 ആഗസ്റ്റ് 25 ( കൊല്ലവർഷം 1029 ചിങ്ങമാസത്തിലെ ഭരണി നാളിൽ ) നാണ് അയ്യപ്പൻ എന്നും കുഞ്ഞൻ എന്നും വിളിക്കപ്പെട്ട ശ്രീ വിദ്യാധിരാജ തീർത്ഥപാദ ചട്ടമ്പി സ്വാമികൾ ജനിച്ചത്. പാഠശാലയിൽ ചേർന്ന് ഒൗപചാരിക വിദ്യാഭ്യാസം നേടുന്നതിന് ദാരിദ്ര്യം തടസമായി. മറ്റു കുട്ടികൾ സ്ലേറ്റിലും മറ്റും എഴുതിയെടുത്ത് കൊണ്ടുവന്നവ അവരോട് ചോദിച്ച് മനസിലാക്കിയാണ് അദ്ദേഹം വിദ്യ അഭ്യസിച്ചത്. 13 വയസായപ്പോൾ പേട്ടയിൽ രാമൻ പിള്ളയാശാൻ എന്ന പണ്ഡിതൻ നടത്തിയിരുന്ന സ്വകാര്യ വിദ്യാലയത്തിൽ ചേർന്ന് പഠിച്ചു. മലയാളം, സംസ്കൃതം ,തമിഴ് ഭാഷകളിലുള്ള അനേകം ഗ്രന്ഥങ്ങൾ പഠിച്ച് പാണ്ഡിത്യം നേടി.
വീട്ടിലെ ദാരിദ്ര്യം മൂലം 14-ാമത്തെ വയസു മുതൽ കൂലിപ്പണിയെടുക്കാൻ തുടങ്ങി. പുത്തൻകച്ചേരി എന്ന് , മുൻകാലത്ത് അറിയപ്പെട്ടിരുന്ന സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ നിർമ്മാണത്തിനായി താൻ ധാരാളം കല്ല് ചുമന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. ആ കാലത്തും തിരുവനന്തപുരത്തെ പണ്ഡിതന്മാരെ സന്ദർശിച്ച് അവരിൽ നിന്ന് അറിവ് സമ്പാദിക്കാൻ അദ്ദേഹം മറന്നിരുന്നില്ല. നവരാത്രി കാലത്ത് നടത്തുന്ന വിദ്വത് സദസിൽ പങ്കെടുക്കാനെത്തിയ തിരുനെൽവേലി കല്ലിടക്കുറിച്ചിയിലെ സുബ്ബാജടാപാഠികൾ എന്ന മഹാപണ്ഡിതൻ തിരികെ പോകുമ്പോൾ കുഞ്ഞൻപിള്ളയും കല്ലിടക്കുറിച്ചിയിലേക്ക് പോയി. മൂന്നുകൊല്ലക്കാലം അവിടെ ഗുരുകുലവാസം നടത്തിയ അദ്ദേഹം തമിഴിലും സംസ്കൃതത്തിലുമുള്ള വേദാന്തഗ്രന്ഥങ്ങൾ ആഴത്തിൽ പഠിച്ച് തികഞ്ഞ വേദാന്ത ചിന്തകനായി പരിണമിച്ചു. തിരികെ ഉള്ളൂർക്കോട് വീട്ടിലെത്തിയ അദ്ദേഹം അസുഖബാധിതയായ അമ്മയെ ഒരു വർഷത്തോളം പരിചരിച്ചു. അമ്മയുടെ മരണശേഷം പരിവ്രാജകനായി വീട് വിട്ടിറങ്ങി. അതിന് ശേഷം ഒരു ഭവനത്തിലും കൂടുതൽ സമയം താമസിച്ചിട്ടില്ല. യാത്രയ്ക്കിടെ നാഗർകോവിലിലെ വടിവീശ്വരം എന്ന സ്ഥലത്ത് അവിചാരിതമായി ഒരു അവധൂതനെ കണ്ടു. അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ച് ജ്ഞാനോപദേശം തേടി പൂർണ സന്യാസിയായി മാറി. ശുചീന്ദ്രത്തിനടുത്തെ മരുത്വാമലയുടെ ശിഖരത്തിലുള്ള ഒരു ഗുഹയിൽ കുറേക്കാലം തപസനുഷ്ഠിച്ചു. തുടർന്ന് കന്യാകുമാരി മുതൽ പാലക്കാട് ,തൃശൂർ വരെയുളള പ്രദേശങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുകയും ഗൃഹസ്ഥശിഷ്യർക്ക് ആദ്ധ്യാത്മിക ഉപദേശം നൽകിപ്പോരുകയും ചെയ്തു. മൂന്നോ നാലോ ദിവസം മാത്രമേ ഒരിടത്ത് അദ്ദേഹം തങ്ങിയിരുന്നുള്ളൂ. പിന്നീട് അടുത്ത സ്ഥലത്തേക്ക് നീങ്ങും. ഇതായിരുന്നു പതിവ്. ഡോ. പല്പുവിന്റെ സഹോദരനായ പേട്ടയിൽ പരമേശ്വരന്റെയും വെളുത്തേരി കേശവൻ വൈദ്യരുടെയും പെരുനെല്ല കൃഷ്ണൻ വൈദ്യരുടെയും ഭവനങ്ങളിൽ പലപ്പോഴും താമസിച്ചിരുന്നു.
ജാതീയമായ ഉച്ചനീചത്വങ്ങളിൽ ഉറച്ചു വിശ്വസിച്ചിരുന്ന സ്വന്തം സമുദായക്കാരുടെ മുന്നിൽ അദ്ദേഹം മറ്റൊരു ജീവിത മാതൃക കാട്ടി. എല്ലാ വിഭാഗങ്ങളിൽ പെട്ടവരുടെയും വീടുകളിൽ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.
വേദങ്ങൾ പഠിക്കാനും വേദമന്ത്രങ്ങൾ ചൊല്ലാനും ഉള്ള അവകാശം ബ്രാഹ്മണർക്കു മാത്രമെന്ന വിശ്വാസത്തെ അദ്ദേഹം ഖണ്ഡിച്ചു. ആത്മതത്വം അറിയാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വേദപഠനം നടത്താമെന്നും വേദമന്ത്രങ്ങൾ ആലപിക്കാമെന്നും സ്ഥാപിക്കാനാണ് അദ്ദേഹം 'വേദാധികാര നിരൂപണം' എന്ന ഗ്രന്ഥം രചിച്ചത്. ഭഗവദ്ഗീത പഠിക്കാനും ചൊല്ലാനും വ്യാഖ്യാനിക്കാനും ബ്രാഹ്മണർക്കു മാത്രമേ അവകാശമുള്ളൂ എന്നു വാദിച്ചവരോട് അദ്ദേഹത്തിന്റെ മറുപടി 'ഭഗവദ് ഗീത ഉപദേശിച്ച ശ്രീകൃഷ്ണനും അതുകേട്ട അർജ്ജുനനും അതു ഗ്രന്ഥരൂപത്തിലാക്കിയ വ്യാസമഹർഷിയും ബ്രാഹ്മണരായിരുന്നില്ലല്ലോ ' എന്നായിരുന്നു.
കേരളഭൂമിയെ പരശുരാമൻ സൃഷ്ടിച്ച് ബ്രാഹ്മണരായ ജന്മിമാർക്ക് വീതിച്ചു കൊടുത്തതാണ് എന്ന ഐതിഹ്യം വെറും ഭോഷ്കാണെന്ന് കാണിക്കാൻ അദ്ദേഹം പ്രാചീന മലയാളം എന്ന ഗ്രന്ഥം രചിച്ചു. ആധികാരികമായ പുരാണങ്ങളിലൊന്നും ഇങ്ങനെയൊരു കഥ കാണപ്പെടുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്മി - കുടിയാൻ നിയമത്തിന് രൂപം നൽകിയ ജസ്റ്റിസ് രാമൻ മേനോൻ ചട്ടമ്പി സ്വാമികളുടെ ഈ വാദത്തെ തന്റെ റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുണ്ട്. ആ പ്രപഞ്ചത്തിൽ ഓരോ ജീവിക്കും അല്ലലില്ലാതെ ജീവിതം നയിക്കാനുള്ള അവകാശം മനുഷ്യരാശിക്ക് നൽകിയേ കഴിയൂ എന്ന് ജീവകാരുണ്യ നിരൂപണം എന്ന ഗ്രന്ഥത്തിൽ സ്വാമികൾ വാദിക്കുന്നു. അദ്ദേഹത്തിന്റ ജന്മദിനം ജീവകാരുണ്യ ദിനമായും ആചരിക്കുന്നുണ്ട്. ഒരു സന്യാസിയുടെ വേഷം ധരിക്കാതെ ആശ്രമവും പ്രസ്ഥാനവും സ്ഥാപിക്കാതെ സാധാരണക്കാരനെ പോലയാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തെ നിശബ്ദനായ വിപ്ലവകാരി എന്നു തന്നെ ചരിത്രം രേഖപ്പെടുത്തും.
(മുൻ ചീഫ് സെക്രട്ടറിയും കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമാണ് ലേഖകൻ )