തൃശൂർ: സമ്പർക്ക വ്യാപനം കിതപ്പില്ലാതെ കുതിക്കുമ്പോൾ കൊവിഡ് രോഗികൾ 5,000 കടന്ന് പതിനായിരം ക്ലബ്ബിലേക്ക് നീങ്ങിത്തുടങ്ങിയതോടെ രോഗികളെ ഗ്രൂപ്പുകളാക്കി തിരിച്ച് പ്രത്യേകം ചികിത്സിക്കാനുള്ള തയ്യാറെടുപ്പുമായി ആരോഗ്യ വകുപ്പ്.
എ, ബി, സി എന്നീ ഗ്രൂപ്പുകളായി തിരിച്ചാണ് ചികിത്സാ സംവിധാനം ഒരുക്കുക.
ആരോഗ്യമുള്ളവരും രോഗലക്ഷണം ഇല്ലാത്തവരുമായ അറുപത് ശതമാനത്തോളം വരുന്ന ലക്ഷണമില്ലാത്ത രോഗികളെ വീട്ടിൽ തന്നെ ചികിത്സിക്കുന്ന സംവിധാനം കൂടുതൽ സ്ഥലങ്ങളിൽ നടപ്പിലാക്കും. ഇപ്പോൾ തന്നെ കൊവിഡ് ബാധിച്ചവരിൽ വീട്ടിൽ തന്നെ സൗകര്യം ഉള്ളവർക്ക് വീട്ടിൽ തന്നെ പ്രത്യേക നീരീക്ഷണ മുറികളിൽ ഇരിക്കാൻ അനുമതിയുണ്ട്. ഇത്തരത്തിൽ മുന്നൂറോളം രോഗികൾ വീടുകളിലുണ്ട്. നിലവിലെ സാഹചര്യത്തിൽ അടുത്ത ഒരു മാസം കഴിയുമ്പോഴേക്കും രോഗികളുടെ എണ്ണം പതിനായിരം കടക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന.
ആഗസ്റ്റ് മാസം പകുതി മുതൽ തന്നെ ഭൂരിഭാഗം ദിവസങ്ങളിലും രോഗികളുടെ എണ്ണം നൂറിന് മീതെയാണ്. ചുരുക്കം ചില ദിവസങ്ങളിൽ മാത്രമാണ് നൂറിന് താഴെ വന്നത്. അതുകൊണ്ട് പുതിയ ക്രമീകരണം എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ് അധികൃതർ.
എ ഗ്രൂപ്പ്
രോഗലക്ഷണമില്ലാത്തവരും ആരോഗ്യ വകുപ്പിലുള്ളവരെയുമാണ് എ ഗ്രൂപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവർക്ക് വീടുകൾ തന്നെ ചികിത്സാ കേന്ദ്രങ്ങളാക്കുകയാണ് ഉദ്ദേശിക്കുന്നത്. വീടുകളിൽ ഇവരുമായി യാതൊരു വിധ സമ്പർക്കവും പുലർത്താത്ത വിധത്തിൽ മുറി, ടോയ്ലെറ്റ് സൗകര്യം, വസ്ത്രം അലക്കാനും ഉണക്കാനും ഉള്ള സൗകര്യം എന്നിവ ഉണ്ടോയെന്ന് പരിശോധിച്ച ശേഷമായിരിക്കും വീടുകളിൽ ഇരിക്കാൻ അനുമതി നൽകുക. ഇവരെ കൃത്യമായി പൊലീസും ആരോഗ്യ വകുപ്പും നിരീക്ഷിക്കും. കൃത്യമായ ഇടവേളകളിൽ ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനിടയിൽ രോഗ ലക്ഷണം പ്രകടിപ്പിച്ചാൽ ആശുപത്രികളിലേക്ക് മാറ്റും.
ബി ഗ്രൂപ്പ്
കുട്ടികൾ, ഗർഭിണികൾ, അറുപത് വയസിന് മുകളിൽ രോഗമുള്ളവരും ജീവിത ശൈലി രോഗമുള്ളവരുമാണ് ബി ഗ്രൂപ്പിൽ ഉൾപ്പെടുക. ഇവരെ ആശുപത്രികളിലേക്ക് രോഗം സ്ഥിരീകരിച്ചാൽ മാറ്റും.
സി ഗ്രൂപ്പ്
ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, ഹൃദ്രോഗികൾ , കാൻസർ രോഗികൾ, വൃക്ക രോഗികൾ എന്നിവരാണ് സി ഗ്രൂപ്പിൽപെടുക. ഇവർക്ക് ആശുപത്രികളിൽ ചികിത്സ നൽകും.
ഗ്രൂപ്പുകളാക്കിയാൽ
കൊവിഡ് രോഗികളെ ഗ്രൂപ്പുകളാക്കി തിരിച്ചാൽ ബി, സി ഗ്രൂപ്പുകളിൽപെട്ടവർക്ക് മികച്ച ചികിത്സ നൽകാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമുള്ളവരിൽ വൈറൽ പനി വന്നുപോകുന്നത് പോലെ രോഗം കടന്നു പോകുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ പക്ഷം.
"
ലക്ഷണമില്ലാത്തവർക്ക് വീടുകളിൽ തന്നെ ചികിത്സ ഒരുക്കിയാൽ രോഗലക്ഷണമുള്ളവരെയും മറ്റ് രോഗമുള്ളവരെയും വേണ്ട രീതിയിൽ പരിചരിക്കാം. ഇതിന് ആവശ്യം ജനങ്ങളുടെ പിന്തുണയും അതോടൊപ്പമുള്ള ജാഗ്രതയുമാണ്
കെ.ജെ റീന
ഡി.എം.ഒ തൃശൂർ