തൃശൂർ : ജില്ലയിലെ പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11.30ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഓൺലൈനായി നിർവഹിക്കും. 4,101 പട്ടയങ്ങളാണ് നിലവിൽ വിതരണം ചെയ്യുക. കഴിഞ്ഞ പട്ടയമേളയ്ക്ക് ശേഷം 1035 പട്ടയം വിതരണം ചെയ്തിട്ടുണ്ട്. ഇതടക്കം 5,136 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. ഇതിൽ 333 എണ്ണം വനഭൂമി പട്ടയങ്ങളാണ്. ജില്ലയിലെ പട്ടയവിതരണത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വനഭൂമി പട്ടയം വിതരണം ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ് . ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാലപ്പഴക്കമേറിയതും സങ്കീർണമേറിയതും കേന്ദ്രാനുമതിക്ക് വിധേയമായതുമായ വനഭൂമി പട്ടയങ്ങൾ ഉൾപ്പെടെ വിവിധയിനം പട്ടയം ഇതിന്റെ ഭാഗമായി വിതരണം ചെയ്യും. ജില്ലാതല ഉദ്ഘാടനത്തിന് ശേഷം ഓരോ വില്ലേജിലെയും പട്ടയങ്ങൾ അതത് വില്ലേജ് ഓഫീസുകൾ വഴി കൊവിഡ് 19 മാനദണ്ഡം പാലിച്ച് നിശ്ചിത തീയതികളിൽ വിതരണം ചെയ്യും. താലൂക്ക് തല പട്ടയവിതരണച്ചടങ്ങുകളിൽ ബന്ധപ്പെട്ട എം.പി, എം.എൽ.എമാർ സംബന്ധിക്കും. ജില്ലാതല ഓൺലൈൻ പട്ടയവിതരണ ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി തൃശൂർ സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഹാളിൽ നടത്തുന്ന ചടങ്ങിൽ കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.സി മൊയ്തീൻ, പ്രൊഫ.സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ പ്രതാപൻ എം.പി, മേയർ അജിത ജയരാജൻ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഓൺലൈനായി ചീഫ് വിപ്പ് കെ. രാജനും പങ്കെടുത്തു.
വിതരണം ചെയ്യുന്നത്
ലാൻഡ് ട്രിബ്യൂണൽ പട്ടയം 4,616
പുറമ്പോക്ക് 111
ഇനാം 10
കോളനി 24
സുനാമി 37
മിച്ചഭൂമി 5