മാള: മകളുടെ വിവാഹം നടത്താൻ ശേഷിയില്ലാത്ത അമ്മയുടെ നിസഹായതയ്ക്ക് മുന്നിൽ കാരുണ്യത്തിന്റെ വെളിച്ചമായി യൂത്ത് മൂവ്മെന്റ്. നിശ്ചയിച്ചുറപ്പിച്ച വിവാഹം അടുത്തെത്തിയപ്പോൾ വെല്ലുവിളികളെല്ലാം എസ്.എൻ.ഡി.പി മാള യൂണിയൻ യൂത്ത് മൂവ്മെന്റ് ഏറ്റെടുക്കുകയായിരുന്നു. തിരുത്ത ആലമറ്റം ശാഖയിലായിരുന്നു ഈ വേറിട്ട സഹായഹസ്തം.
കുഴൂർ പഞ്ചായത്തിൽ മൂന്ന് സെന്റ് സ്ഥലം മാത്രമുള്ള തൊഴിലുറപ്പ് തൊഴിലാളിയായ ഈ അമ്മയ്ക്ക് ഭർത്താവിന്റെ മരണശേഷം തുണയായത് മൂന്ന് മക്കൾ മാത്രമാണ്. ഐ.ടി.ഐ പഠനം പൂർത്തിയാക്കിയ മകളുടെ വിവാഹം ഈ മാസം പത്തിനാണ് നിശ്ചയിച്ചത്. എന്നാൽ വിവാഹനടത്തിപ്പിന് ആവശ്യമായ പണം കണ്ടെത്താനായിരുന്നില്ല. ഈ അവസ്ഥ അറിഞ്ഞാണ് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തി ലക്ഷം രൂപ കൈമാറിയത്.
2,500 പേർക്കുള്ള ഭക്ഷണം ഒരുക്കിയത് അടക്കമുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇത്രയും തുക സമാഹരിച്ചത്. കൂടാതെ വിദ്യാഭ്യാസ ധനസഹായവും മറ്റൊരു വിദ്യാർത്ഥിനിക്ക് നൽകി. തങ്ങളുടെ സഹോദരിയുടെ വിവാഹത്തിന് പണം തടസമാകാതിരിക്കാനുള്ള ഉത്തരവാദിത്വം യൂത്ത് മൂവ്മെന്റ് ഏറ്റെടുത്തപ്പോൾ അത് നാടിന്റെ ഏകോപനത്തിലെത്തി. ജാതിമത വ്യത്യാസമില്ലാതെ നിരവധി പേരാണ് ഇതിൽ പങ്കാളികളായത്.
വിവാഹത്തിന് ഏതാനും ദിവസം മാത്രം ശേഷിക്കേ ലഭിച്ച ഒരു ലക്ഷം രൂപ ആ അമ്മയെ സംബന്ധിച്ച് വലിയ വിലയുള്ള സമ്മാനമായിരുന്നു. തുക കൈമാറിയ യോഗം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. യുവ സമൂഹത്തിനാകെ മാതൃകയാണ് മാളയിലെ യൂത്ത് മൂവ്മെന്റിന്റെ ഈ കാരുണ്യ പ്രവർത്തനമെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രജീഷ് മാരിയ്ക്കൽ ധനസഹായം കൈമാറി. ശാഖാ പ്രസിഡന്റ് കെ.എസ്. വത്സൻ അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ബിദുരാജ് പുത്തൻപുരയ്ക്കൽ, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രബിൻ, സിറിൽ, അനിൽ കുന്നപ്പിള്ളി, ടി.ആർ. സുബ്രൻ, പരമേശ്വരൻ, വിജയൻ വാഴൂർ തുടങ്ങിയവർ നേതൃത്വം നൽകി.