അന്യസംസ്ഥാന ബോട്ടുകൾ കൊല്ലം തീരത്ത്
കൊല്ലം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കടലിൽ കൊടുങ്കാറ്റായപ്പോൾ മത്സ്യബന്ധന യാനങ്ങൾക്ക് നില തെറ്റി. നിയന്ത്രണം നഷ്ടമായ യാനങ്ങൾ പലതും തീരം തേടി പാഞ്ഞു. നിരവധി ബോട്ടുകൾക്ക് കേടുപാട് സംഭവിച്ചു. പല ബോട്ടുകളും മണിക്കൂറുകളോളം ഉൾക്കടലിൽ നങ്കൂരമിട്ട് കിടന്നു.
ഇന്നലെ രാവിലെ പത്തോടെയാണ് ശക്തമായ കാറ്റ് വീശിത്തുടങ്ങിയത്. ബോട്ടുകൾക്ക് മീതെ തിര അടിച്ചു കയറിയതോടെ മുന്നോട്ട് നീങ്ങാനാകാത്ത അവസ്ഥയായി. 6 മുതൽ 15 നോട്ടിക്കൽ മൈൽ അകലെ വരെയുള്ള സ്ഥലത്താണ് കാറ്റ് ശക്തമായി വീശിയത്.
ഇതോടെ പതിനൊന്നോടെ കൊല്ലം തീരത്തെ വാടി, മൂതാക്കര, തങ്കശേരി, പോർട്ട് കൊല്ലം ഭാഗങ്ങളിലേക്ക് ബോട്ടുകൾ അടുപ്പിച്ച് തുടങ്ങി. സാധാരണ ഇവിടെ ട്രോളിംഗ് ബോട്ടുകൾ അടുക്കാറില്ല. ശക്തികുളങ്ങര, നീണ്ടകര തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് പുറമെ
കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള 28 ബോട്ടുകളാണ് കൊല്ലം ഹാർബറിന് പരിസരങ്ങളിലെത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് ബോട്ടുകൾ നീണ്ടകര ഹാർബറിലുമെത്തി. സാധാരണ പെരുമഴ സമയങ്ങളിൽ നിന്ന് വ്യത്യസ്തമായി കടൽ കൂടുതൽ അശാന്തമായതായി തൊഴിലാളികൾ പറഞ്ഞു. ഇതോടെയാണ് മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തീരത്തേക്ക് യാനങ്ങളുമായി തൊഴിലാളികൾ മടങ്ങിയത്. സ്ഥിതി മാറിയ ശേഷമേ ബോട്ടുകൾ മടങ്ങൂ.
കൊവിഡ് സാഹചര്യത്തിൽ കർശന ഉപാധികളോടെയാണ് ബോട്ടുകൾ തീരത്ത് അടുപ്പിക്കാൻ അനുമതി നൽകിയത്. കോസ്റ്റൽ പൊലീസിന്റെ ദർശന, യോദ്ധ ബോട്ടുകളിൽ ഉദ്യോഗസ്ഥരെത്തി തൊഴിലാളികൾ ബോട്ടിന് പുറത്ത് ഇറങ്ങരുതെന്ന് നിർദേശം നൽകി. ജാഗ്രത വേണമെന്ന് ഫിഷറീസ് വകുപ്പും തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി.
ബോട്ടിന്റെ എൻജിൻ തകരാറിലായി
ശക്തമായ കാറ്റിൽപ്പെട്ട് അഴീക്കലിൽ നിന്നുള്ള പമ്പാവാസൻ ബോട്ടിന്റെ എൻജിൻ തകരാറിലായി. തീരത്ത് നിന്ന് ഒൻപത് നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. രാവിലെ പത്തരയോടെ ഇവർ സഹായം അഭ്യർത്ഥിച്ച് മറൈൻ എൻഫോഴ്സ്മെന്റിനെ ബന്ധപ്പെട്ടെങ്കിലും രക്ഷാബോട്ട് ഇറക്കാനാകാത്ത വിധം ശക്തമായ കാറ്റായിരുന്നു. തുടർന്ന് ബോട്ടിന്റെ ദിശ മനസിലാക്കി വിവരം സീ മൊബൈലൂടെ മറ്റ് മത്സ്യബന്ധന ബോട്ടുകൾക്ക് കൈമാറി. മണിക്കൂറുകൾക്ക് ശേഷം തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന അഴീക്കലിൽ നിന്നുള്ള ഹരിഗോവിന്ദ ബോട്ട് ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. അഴീക്കൽ സ്രായിക്കാട് സ്വദേശികളായ കമാലാകൃഷ്ണ (46), രാജേഷ് (45), സുബ്രഹ്മണ്യൻ (55), ഉദയൻ ( 60), ജമാലാൽ (42), പറയാക്കടവ് സ്വദേശി അപ്പു (59) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
തീരത്തും ശക്തമായ കാറ്റ്
ഇന്നലെ രാവിലെ മുതൽ തീരദേശത്തും ശക്തമായ കാറ്റായിരുന്നു. കാര്യമായ കടൽ കയറ്റം ഉണ്ടായില്ലെങ്കിലും തിര പതിവിനേക്കാൾ ശക്തമാണ്.
മാനം തോരാതെ മഴ
ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇന്നലെ മാനം തോരാതെ മഴയായിരുന്നു. പുലർച്ചെ ആരംഭിച്ച മഴ പലയിടങ്ങളിലും ഉറച്ചും ചാറിയും രാത്രി വൈകും വരെ നീണ്ടു നിന്നു. ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീടുകൾക്ക് കേടുപാട് സംഭവിച്ചു. വൈദ്യുതി ലൈനുകളും തകരാറിലായി. ജില്ലയിൽ നാല് വീടുകൾ പൂർണമായും ഒരു വീട് ഭാഗികമായും തകർന്നുവെന്നാണ് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ ഔദ്യോഗിക കണക്ക്. കരുനാഗപ്പള്ളിയിലാണ് വീട് പൂർണമായും തകർന്നത്. ഏകദേശം 3.65 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഇന്ന് മാത്രമേ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് തയ്യാറാകുകയുള്ളു.
തമിഴ്നാട് ബോട്ട് അപകടത്തിൽപ്പെട്ടു
കടൽക്ഷോഭത്തിൽ അകപ്പെട്ട തമിഴ്നാട് മത്സ്യബന്ധന ബോട്ടിന്റെ ഗ്ലാസുകൾ ഇളകിവീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ബോട്ട് കൊല്ലം ഹാർബറിൽ അടുപ്പിച്ചു. ജോണി (38), പ്രഭു (30) എന്നിവർക്കാണ് പരിക്കേറ്റത്.
തേങ്ങാപ്പട്ടണം ഹാർബറിൽ നിന്ന് തിരിച്ച പ്രെയ്സ് ദി ലോഡ് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.
കോസ്റ്റൽ പൊലീസിന്റെ യോദ്ധ ബോട്ടിൽ പരിക്കേറ്റവരെ തീരത്ത് എത്തിച്ചു. സജ്ജമാക്കി നിറുത്തിയിരുന്ന ആംബുലൻസിൽ തൊഴിലാളികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബോട്ടിൽ ആകെ 15 തൊഴിലാളികൾ ഉണ്ടായിരുന്നു.